സിദ്ധാർത്ഥന്റെ മരണം: 18 പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

സിദ്ധാർത്ഥന്റെ മരണം: 18 പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും
alternatetext

വയനാട് വെറ്ററിനറി സർവകലാശാലയില്‍ മരിച്ച സിദ്ധാർഥനെ കൂടുതല്‍ പീഡിപ്പിച്ചത് നാലുപേരെന്ന് പൊലീസ്. കാശിനാഥൻ, സിൻജോ ജോണ്‍സന്‍, അമല്‍ ഇഹ്സാൻ, കെ. അരുണ്‍ എന്നിവര്‍ ചേര്‍ന്നാണു ക്രൂരമായി മർദിച്ചത്. കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തില്‍ 18 പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം.

പ്രതികളില്‍ ചിലർ ജാമ്യാപേക്ഷ നല്‍കാനുള്ള നീക്കം പൊലീസ് മുൻകൂട്ടി കാണുന്നുണ്ട്. നിലവില്‍ റിമാൻഡില്‍ കഴിയുന്ന 18 പ്രതികള്‍ക്കെതിരെയും ക്രിമിനല്‍ ഗൂഢാലോചനാകുറ്റം ചുമത്തിയിട്ടുണ്ട്. അതിനിടെ, വെറ്ററിനറി സര്‍വകലാശാലയിലേക്ക് മാര്‍ച്ച്‌ നടത്തിയ കെ.എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലീസ് മർദിച്ചതിനെതിരെ യു.ഡി.എഫ് ഇന്ന് വയനാട് ജില്ലയില്‍ പ്രതിഷേധദിനം ആചരിക്കും.

വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്താതെ പൊലീസ് പ്രതികളെ രക്ഷപ്പെടുത്താനുള്ള പഴുതുകളൊരുക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. കെ.എസ്.യു ഇന്ന് സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കണ്ണൂർ ഡി.ഐ.ജി ഓഫിസിലേക്ക് ഇന്ന് മാർച്ച്‌ നടത്തുമെന്ന് എം.എസ്.എഫും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 10 മണിയോടെയാണ് മാർച്ച്‌ നടക്കുന്നത്.