വൈത്തിരി: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാർച്ചില്‍ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. കണ്ണീർവാതകം പ്രയോഗിച്ചു. പരിക്കേറ്റ അഞ്ച് പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പൊലീസ് അതിക്രമത്തില്‍ പ്രയോഗിച്ച് പ്രതിഷേധക്കാർ വെറ്ററിനറി കോളജിന് മുന്നില്‍ ദേശീയപാത ഉപരോധിക്കുകയാണ്.
ഉച്ചയോടെയാണ് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധ മാർച്ചുമായെത്തിയത്. വെറ്ററിനറി കോളജിന് പുറത്ത് മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. പ്രവർത്തകർ ഇത് ചാടിക്കടക്കാൻ ശ്രമിച്ചതോടെ ആദ്യം ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍, പിന്തിരിയാതെ കെ.എസ്.യു പ്രവർത്തകർ മാർച്ച് തുടർന്നതോടെ ലാത്തിച്ചാർജും കണ്ണീർവാതക ഷെല്ലുകളും പ്രയോഗിക്കുകയായിരുന്നു. നിരവധി പ്രവർത്തകർക്കാണ് പരിക്കേറ്റത്. പൊലീസിന് നേരെ കല്ലേറുമുണ്ടായി.
നേരത്തെ എം.എസ്.എഫ്, ഫ്രറ്റേണിറ്റി പ്രവർത്തകരും കോളജിലേക്ക് മാർച്ച് നടത്തിയിരുന്നു. എം.എസ്.എഫ് മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് വിന്യാസം സ്ഥലത്ത് നടത്തിയിരുന്നുസിദ്ധാർഥന്റെ കേസന്വേഷണത്തില്‍ യൂനിവേഴ്സിറ്റി ഉന്നതരുടെ പങ്ക് അന്വേഷണവിധേയമാക്കുക, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സർവകലാശാല കവാടത്തില്‍ യൂത്ത് ലീഗ് ഉപവാസ സമരം തുടരുകയാണ്.