തിരുവനന്തപുരം: തലസ്ഥാനത്ത് പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കൊല്ലം സ്വദേശി ഹസന്‍കുട്ടി എന്ന കബീര്‍ (50) പിടിയില്‍. കുഞ്ഞിനെ തട്ടികൊണ്ടുപോയത് ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നു തിരുവനന്തപുരം പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു.
കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തിന്റെ ചുരുളഴിക്കാന്‍ ജയിലധികൃതരുടെ സഹായവും പോലീസ് തേടിയിരുന്നു. ഹസനെ കൊല്ലം ചിന്നക്കടയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സൈബര്‍ പോലീസ് സംഘവും അനേ്വഷണം വേഗത്തിലാക്കാന്‍ സഹായിച്ചു.സ്ഥിരമായ മേല്‍വിലാസമില്ലാത്ത ഹസന് തട്ടുകടകളില്‍ ജോലി ചെയ്യുകയും രാത്രി അവിടെ തന്നെ കിടക്കുകയുമാണ് പതിവെന്ന് പോലീസ് പറയുന്നു.
സംഭവം നടന്ന സമയം ഇയാള്‍ കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. സ്ഥലം മാറി പേട്ടയില്‍ ഇറങ്ങി. റെയില്‍ ട്രാക്ക് വഴി നടക്കുമ്ബോള്‍ നാടോടികള്‍ക്കിടയില്‍ ഉറങ്ങുന്ന പെണ്‍കുട്ടിയെ തട്ടിയെടുത്തു. വായ് പൊത്തിപ്പിടിച്ച് റെയില്‍വേ ട്രാക്കിന് സമീപം കൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു. കുട്ടി ബോധരഹിതയായപ്പോള്‍ പേടിച്ച് ഉപേക്ഷിച്ചു. അതിനുശേഷം റെയില്‍വേ ട്രാക്ക് വഴി നടന്ന് തമ്ബാനൂരില്‍ എത്തി ബസില്‍ ആലുവയ്ക്ക് പോയി.
കുഞ്ഞിനെ കാണാതായ സംഭവം പുറം ലോകം അറിഞ്ഞതോടെ, 20 മണിക്കൂര്‍ കഴിഞ്ഞ് കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു ഹസന്‍കുട്ടി കടന്നു കളയുകയായിരുന്നു. നിരവധി പോക്സോ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം തിരിച്ചറിയാതിരിക്കാന്‍ തല തോര്‍ത്ത് ഉപയോഗിച്ച് മറച്ചാണ് രക്ഷപ്പെട്ടത്.
അന്വേഷണത്തിന്റെ ഭാഗമായി നൂറോളം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതായി കമ്മീഷണര്‍ പറഞ്ഞു. കൊല്ലം അയിരൂരില്‍ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 12നാണ് ഹസന് ജയില്‍ മോചിതനായത്. വിവിധ സ്റ്റേഷനുകളിലായി മോഷണ കേസുകളും ഇയാളുടെ പേരിലുണ്ട്. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം പുതിയ കേസ് എടുക്കുമെന്നും മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നയാളാണ് ഹസനെന്നും കമ്മിഷണര്‍ പറഞ്ഞു.