സംസ്ഥാനത്തെ തീയേറ്ററുകളില്‍ ഇന്നുമുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല

സംസ്ഥാനത്തെ തീയേറ്ററുകളില്‍ ഇന്നുമുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല
alternatetext

സംസ്ഥാനത്തെ തീയേറ്ററുകളില്‍ ഇന്നുമുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല. തിയ്യറ്ററുടമകളുടെ സംഘടനയായ ഫിയോക്കിൻ്റേതാണ് തീരുമാനം.ഒ ടി ടി റിലീസ്, കണ്ടന്‍റ് മസ്റ്ററിങ്ങ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിര്‍മ്മാതാക്കളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഒ ടി ടി റിലീസുമായി ബന്ധപ്പെട്ട കരാര്‍, തുടര്‍ച്ചയായി ലംഘിക്കുന്ന വിഷയം നിലനില്‍ക്കെയാണ് കണ്ടന്‍റ് മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട് പുതിയ പ്രശ്നം രൂപപ്പെട്ടിരിക്കുന്നതെന്ന് തിയേറ്ററുടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിലവില്‍ യുഎഫ്‌ഒ അടക്കമുള്ള കമ്ബനികളുടെ ഡിജിറ്റല്‍ കണ്ടന്റ് കാണിക്കാൻ കഴിയുന്ന പ്രൊജക്ടുകളാണ് സംസ്ഥാനത്തെ ഭൂരിപക്ഷം തിയറ്ററുകളിലുമുള്ളത്. എന്നാല്‍ നിർമാതാക്കളുടെ സംഘടനയില്‍പെട്ട ചിലർ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചതോടെ അവരുടെ കണ്ടന്റ് തിയറ്ററില്‍ നല്‍കാന്‍ കഴിയുന്ന പ്രൊജക്ടറുകള്‍ തിയ്യറ്ററുകളില്‍ സ്ഥാപിക്കണമെന്ന് നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിക്കുകയാണെന്നാണ് ഫിയോക്ക് ഭാരവാഹികളുടെ ആരോപണം. അത്തരം സിനിമ കണ്ടന്‍റുകള്‍ പ്രദർശിപ്പിക്കണമെങ്കില്‍ വിലകൂടിയ പുതിയ പ്രൊജക്ടറുകള്‍ വാങ്ങേണ്ട ഗതികേടിലാണ് തങ്ങളെന്നും പ്രോജക്ടർ ഏത് വയ്ക്കണം എന്നത് തീയേറ്റർ ഉടമയുടെ അവകാശമാണെന്നും ഫിയോക്ക് വ്യക്തമാക്കിയിരുന്നു.

കൂടാതെ 42 ദിവസത്തിന് ശേഷമേ ചിത്രങ്ങള്‍ ഒ ടി ടിയില്‍ നല്‍കുകയുള്ളു എന്ന മുൻധാരണ നിർമാതാക്കള്‍ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും ഫിയോക്ക് ഭാരവാഹികള്‍ പറയുന്നു. തിയറ്ററില്‍ റിലീസ് ചെയ്ത് 28ദിവസമാകുമ്ബോഴേക്ക് ഭൂരിപക്ഷം ചിത്രങ്ങളും ഒടിടിയിലേക്ക് നല്‍കുകയാണ്. തിയേറ്ററില്‍ മികച്ച കലക്ഷൻ നിലനില്‍ക്കെയാണ് ഈ പ്രവണതയെന്നും ഫിയോക് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ തിയ്യറ്ററുകളില്‍ മലയാള സിനിമികള്‍ വെള്ളിയാഴ്ച മുതല്‍ റിലീസ് ചെയ്യേണ്ടെന്ന് ഫിയോക്ക് തീരുമാനിച്ചത്.

എന്നാല്‍ ഇതിനകം റിലീസ് ചെയ്ത, സിനിമകളുടെ പ്രദർശനം തുടരുമെന്നും ഫിയോക്ക് അറിയിച്ചിട്ടുണ്ട്. ഈ മാസം 28ന് ഫിലിം ചേംബര്‍ വിളിച്ച യോഗത്തില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നും ഫിയോക്ക് ഭാരവാഹികള്‍ അറിയിച്ചിരുന്നു