തിരുവനന്തപുരം: ഹയർ സെക്കൻഡറി മോഡല്‍ പരീക്ഷയുടെ ഇംഗ്ലീഷ് ചോദ്യപേപ്പർ ചോർന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി. ശിവൻകുട്ടി നിർദേശം നല്‍കി. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട്ടെ, വടകരയിലും എറണാകുളത്തുമാണ് ചോദ്യപേപ്പർ ചോർന്നതായി വിവരം ലഭിച്ചത്.
കൈമാറിയതായി കരുതുന്ന വാട്സ്ആപ് നമ്ബർ സഹിതമുള്ള റിപ്പോർട്ട് ഹയർ സെക്കൻഡറി വിഭാഗം കോഴിക്കോട്, എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടർമാർ പരീക്ഷ സെക്രട്ടറിക്ക് സമർപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ തിങ്കളാഴ്ച രാത്രിയോടെ വാട്സ്ആപ്പില്‍ പ്രചരിപ്പിച്ചതായാണ് വിവരം. ചോദ്യപേപ്പർ പാക്കറ്റ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് ജീവനക്കാർ പ്രിൻസിപ്പല്‍മാരെയാണ് ഏല്‍പിക്കുക. പൊലീസ് അന്വേഷണം വേണമെന്ന് ഡെപ്യൂട്ടി ഡയറക്ടർമാരുടെ റിപ്പോർട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗൗരവമായാണ് കാണുന്നതെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ചോർന്നത് മോഡല്‍ പരീക്ഷയുടെ ചോദ്യമായതിനാലും പരീക്ഷ കഴിഞ്ഞ ശേഷം വിവരം പുറത്തുവന്നതിനാലും പകരം പരീക്ഷ നടത്തേണ്ടെന്നാണ് പരീക്ഷ വിഭാഗത്തിന്‍റെ തീരുമാനം.