സിനിമയെ വെല്ലുന്ന സീൻ:ആഭരണങ്ങളും പണവും കവർന്ന കേസിലെ രണ്ട് പ്രതികളെ അജ്മീറില്‍ നിന്ന് സാഹസികമായി പിടികൂടി കേരള പൊലീസ് സംഘം.

സിനിമയെ വെല്ലുന്ന സീൻ:ആഭരണങ്ങളും പണവും കവർന്ന കേസിലെ രണ്ട് പ്രതികളെ അജ്മീറില്‍ നിന്ന് സാഹസികമായി പിടികൂടി കേരള പൊലീസ് സംഘം.
alternatetext

ആലുവ: ആലുവയില്‍ രണ്ട് വീടുകളില്‍ നിന്ന് 48 പവന്റെ ആഭരണങ്ങളും പണവും കവർന്ന കേസിലെ രണ്ട് പ്രതികളെ രാജസ്ഥാനിലെ അജ്മീറില്‍ നിന്ന് സാഹസികമായി പിടികൂടി കേരള പൊലീസ് സംഘം. പിടികൂടാൻ ശ്രമിക്കുന്നതിനിടെ കേരള പൊലീസ് സംഘത്തിനുനേരെ പ്രതികളിലൊരാള്‍ വെടിയുതിർത്തു. കേരള പൊലീസിനെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്ന അജ്മീർ ജില്ലാ പൊലീസ് ട്രെയിനി ശരണ്‍ കമലെ ഗോപിനാഥിന് നിസാര പരിക്കേറ്റു. കേരള പൊലീസ് സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ അജ്മീർ പൊലീസിന്റെ സഹായത്തോടെ സാഹസികമായി പിടികൂടി.

രണ്ട് നാടൻ തോക്കുകളും പിടിച്ചെടുത്തു. അജ്മീർ ദർഗ ശെരീഫിന് സമീപത്തെ ജനത്തിരക്കേറിയ മാർക്കറ്റില്‍ ചൊവ്വാഴ്ച രാത്രി 9.30നായിരുന്നു സംഭവം. ഉത്തരാഖണ്ഡ് റാപൂർറൂർക്കി സ്വദേശികളായ ഷെഹജാദ് (33), ഡാനിഷ് (23) എന്നിവരാണ് പിടിയിലായത്. ആലുവ എസ്.ഐ എസ്.എസ്. ശ്രീലാല്‍, സി.പി.ഒമാരായ എൻ.എ. മുഹമ്മദ് അമീർ, വി.എ.അഫ്‌സല്‍, മാഹിൻഷാ അബൂബക്കർ, കെ.എം. മനോജ് എന്നിവരാണ് കേരള പൊലീസ് സംഘത്തിലുണ്ടായിരുന്നത്. പ്രതികള്‍ ഇവിടെയുണ്ടെന്ന് മനസിലാക്കി അജ്മീർ പൊലീസിനൊപ്പം കേരള സംഘം ഇവിടെ എത്തുകയായിരുന്നു.

ഷെഹജാദിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഡാനിഷ് തോക്കെടുത്ത് നിറയൊഴിച്ചു. തുടർന്ന് പ്രതികള്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് പിടികൂടി. പ്രതികളെ അജ്മീർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കോടതിയില്‍ അപേക്ഷ നല്‍കി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ആലുവയിലെത്തിക്കും. പൊലീസിനുനേരെ വെടിവച്ചതിനും ആക്രമിച്ചതിനും അജ്മീർ പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തു. ആലുവ റൂറല്‍ എസ്.പി ഡോ.വൈഭവ് സക്‌സേന രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഞായറാഴ്ചയാണ് അജ്മീറിലേക്ക് പോയത്.

പ്രതികള്‍ അവിടെയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഫെബ്രുവരി ഒമ്ബതിന് രാത്രി കുട്ടമശേരി സ്വദേശി മുഹമ്മദാലിയുടെ വീട്ടില്‍ നിന്ന് 18 പവനും 12500 രൂപയും പത്തിന് രാത്രി ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷന് എതിർവശത്തെ മൂഴിയില്‍ ബാബുവിന്റെ വീട്ടില്‍നിന്ന് 30 പവനും 20,000 രൂപയുമാണ് കവർന്നത്. സി.സി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികള്‍ അന്യസംസ്ഥാനക്കാരാണെന്ന് മനസിലാക്കിയത്.