ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന്‌ പോലീസ്‌

ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന്‌ പോലീസ്‌
alternatetext

കായംകുളം: എരുവയില്‍ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന്‌ പോലീസ്‌ സ്‌ഥിരീകരിച്ചു. സംഭവത്തില്‍ ഭര്‍ത്താവ്‌ പ്രശാന്തിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.

മാവേലിക്കര തെക്കേക്കര വാത്തികുളം ശാന്താ ഭവനം വീട്ടില്‍ ലൗലിയാണ്‌(അശ്വതി-34) കൊല്ലപ്പെട്ടത്‌. ഇവര്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന എരുവ കിഴക്ക്‌ ശ്രീനിലയം വീട്ടിലെ സ്വീകരണ മുറിയിലാണ്‌ മൃതദേഹം കണ്ടത്‌. കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചാണ്‌ കൊലപ്പെടുത്തിയതെന്ന്‌ പോലീസ്‌ പറഞ്ഞു. ഇവരുടെ മക്കള്‍ ലൗലിയുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. ഇവര്‍ കഴിഞ്ഞ ശനിയാഴ്‌ച രാവിലെ വീട്ടില്‍ എത്തി കതക്‌ തുറന്നപ്പോഴാണ്‌ ലൗലി സ്വീകരണമുറിയില്‍ മരിച്ചു കിടക്കുന്നത്‌ കണ്ടത്‌.

സംഭവത്തിന്‌ ശേഷം പ്രശാന്ത്‌ ഒളിവിലായിരുന്നു. കായംകുളത്ത്‌ നിന്നുമാണ്‌ ഇയാളെ കസ്‌റ്റഡിയിലെടുത്തത്‌. പോസ്‌റ്റ്മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന്‌ സ്‌ഥിരീകരിച്ചതോടെ ഇയാള്‍ക്കായി പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.