മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും പാർട്ടിയുടെ മറ്റ് മൂന്ന് സ്ഥാനാർത്ഥികളും ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു.
ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ 77 കാരിയായ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ഫെബ്രുവരി 14 ന് ജയ്പൂരില്‍ രാജ്യസഭാ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭാ കാലാവധി പൂർത്തിയാക്കിയ ശേഷം ഏപ്രിലില്‍ ഒഴിവു വരുന്ന സീറ്റിലേക്കാണ് സോണിയാ ഗാന്ധി എത്തുന്നത്.
രാജ്യസഭാംഗമായ ഭൂപേന്ദ്ര യാദവിൻ്റെ (ബിജെപി) കാലാവധി ഏപ്രില്‍ 3ന് അവസാനിക്കുകയാണ്. ബിജെപി എംപി കിരോഡി ലാല്‍ മീണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഡിസംബറില്‍ സഭയില്‍ നിന്ന് രാജിവച്ചതിനെ തുടർന്ന് മൂന്നാം സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു.
2004 മുതല്‍ ലോക്‌സഭയില്‍ റായ്ബറേലിയെ പ്രതിനിധീകരിച്ച സോണിയ ഗാന്ധി അഞ്ച് തവണ എംപിയായതിന് ശേഷം അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് തീരുമാനിക്കുകയായിരുന്നു. 1999ല്‍ കോണ്‍ഗ്രസ് അധ്യക്ഷയായി ചുമതലയേറ്റ ശേഷം ബെല്ലാരിയില്‍ നിന്നാണ് അവർ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.
രാജസ്ഥാനില്‍ ബിജെപിയില്‍ നിന്നുള്ള ചുന്നിലാല്‍ ഗദാസിയ, മദൻ റാത്തോഡ് എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍ 10 രാജ്യസഭാ സീറ്റുകളാണുള്ളത്. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് ആറും ബിജെപിക്ക് നാലും അംഗങ്ങളാണുള്ളത്.
അതേസമയം, ഗുജറാത്തില്‍ ബിജെപിയുടെ നാല് സ്ഥാനാർത്ഥികളും എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, വജ്രവ്യാപാരി ഗോവിന്ദ്ഭായ് ധോലാകിയ, മായങ്ക് നായക്, ഡോ. ജസ്വന്ത്സിങ് പാർമർ എന്നിവർ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. ഒഴിവുള്ള നാല് സീറ്റുകളില്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് മറ്റ് സ്ഥാനാർത്ഥികള്‍ നാമനിർദ്ദേശ പത്രിക സമർപ്പിക്കാത്തതിനാല്‍ മൂന്ന് നേതാക്കളും എതിരില്ലാതെ ചൊവ്വാഴ്ച രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു