തൃശ്ശൂർ: പാർലമെന്റ് തിരഞ്ഞെടുപ്പ് പിണറായിയുടെ രാഷ്ട്രീയ ജീവിതത്തിലെ വാർട്ടർ ലൂ ആയിരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. മാസപ്പടി കേസിലെ സി.പിഎം നേതാക്കളുടെ മൗനം ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. തൃശ്ശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ കുടുംബം നടത്തിയ സാമ്ബത്തിക തട്ടിപ്പിനെ ന്യായീകരിച്ചാല്‍ നാറുമെന്നും ജനരോഷം തങ്ങള്‍ക്കെതിരെയും ഉണ്ടാകുമെന്നുമുള്ള തിരിച്ചറിവിലാണ് പിണറായിയുടെ നാവായി പ്രവർത്തിച്ച എ.കെ ബാലനെ പോലുള്ളവരുടെ ഉള്‍വലിയല്‍. സി.പി.എമ്മിലെ പതിവ് ന്യായീകരണ തൊഴിലാളികളായ നേതാക്കള്‍ പോലും മാസപ്പടിയില്‍ പ്രതികരണത്തിന് തയാറാകാതെ അകലം പാലിക്കുകയാണ്. പ്രതിരോധം തീർക്കുന്നതില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും യു ടേണ്‍ അടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന കർണാടക ഹൈക്കോടതി വിധി പുറത്തുവന്നതിന് ശേഷം പിണറായി വിജയന് സി.പി.എമ്മില്‍ നിന്നുള്ള പിന്തുണ കുറയുകയാണ്. മുഖ്യമന്ത്രിക്ക് പ്രതിരോധം ഒരുക്കാൻ ചാടി വീഴുന്ന നേതാക്കളെ ആരെയും കാണാനില്ലെന്നത് സി.പി.എമ്മില്‍ പിണറായി യുഗത്തിന് അന്ത്യമാകുന്നുവെന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.