മട്ടന്നൂർ: വയനാട്ടിലേക്കുള്ള യാത്രക്കായി രാഹുല്‍ ഗാന്ധി എം.പി കണ്ണൂർ വിമാനത്താവളത്തിലെത്തി. ശനിയാഴ്ച രാത്രി എട്ടിനാണ് വാരാണസിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ രാഹുല്‍ ഗാന്ധി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. വെള്ളിയാംപറമ്ബിലെ ഗ്രീൻ പ്ലാനറ്റ് റിസോർട്ടിലാണ് രാത്രി താമസം. ഞായറാഴ്ച പുലർച്ച അഞ്ചോടെ റോഡ് മാർഗം വയനാട്ടിലേക്ക് തിരിക്കും.
വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം ആളിക്കത്തുന്ന വയനാട്ടിലേക്ക് ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ എത്തുന്നത്. കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെയും അജീഷിന്റെയും വീടുകള്‍ രാഹുല്‍ സന്ദർശിക്കും.
ഞായറാഴ്ച ഉച്ചവരെ വയനാട്ടില്‍ നിന്ന ശേഷം ഭാരത് ജോഡോ ന്യായ് യാത്ര പുനഃരാരംഭിക്കാനായി മൂന്ന് മണിക്ക് പ്രയാഗ്‌രാജിലേക്ക് തിരിച്ചേക്കും. കാട്ടാനയാക്രമണത്തില്‍ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരനായിരുന്ന പോള്‍ കൊല്ലപ്പെട്ടതിനെ തുടർന്നാണ് വലിയ പ്രതിഷേധമുയർന്നത്. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
കുറുവ എക്കോ ടൂറിസം ജീവനക്കാരനായ പാക്കം സ്വദേശി പോളിനെ വെള്ളിയാഴ്ച രാവിലെയാണ് കുറുവദ്വീപിലേക്കുള്ള വഴിയില്‍ വനത്തിനുള്ളിലെ ചെറിയമല ജങ്ഷനില്‍ വെച്ച് കാട്ടാന ആക്രമിച്ചത്. വാരിയെല്ലുകള്‍ക്കു ഗുരുതര പരുക്കേറ്റിരുന്നു. ഉടൻ തന്നെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 17 ദിവസത്തിനിടെ വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് പോള്‍.
കാട്ടാനയുടെ ആക്രമണത്തില്‍ ജനുവരി 29ന് തോല്‍പെട്ടി നരിക്കല്ലില്‍ കാപ്പിത്തോട്ടത്തില്‍ കാവല്‍ക്കാരനായിരുന്ന ലക്ഷ്മണൻ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 10ന് മാനന്തവാടി ചാലിഗദ്ദയില്‍ അയല്‍വാസിയുടെ വീട്ടുമുറ്റത്തുവെച്ച് പനച്ചിയില്‍ അജീഷ് എന്നയാളും കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.