സുരക്ഷാകാരണങ്ങളാൽ മരട് വെടിക്കെട്ടിനുള്ള അനുമതി തള്ളിക്കളഞ്ഞ് കളക്ടർ.

സുരക്ഷാകാരണങ്ങളാൽ മരട് വെടിക്കെട്ടിനുള്ള അനുമതി തള്ളിക്കളഞ്ഞ് കളക്ടർ.
alternatetext

കൊച്ചി: സുരക്ഷാകാരണങ്ങളാൽ മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന്റെ അനുമതി കളക്ടർ നിരസിച്ചു. ഫെബ്രുവരി 21, 22 തീയതികളിലാണ് ക്ഷേത്രത്തിലെ ഉത്സവം.പൊതുജനസുരക്ഷ കണക്കിലെടുത്തുംമുൻകാല അപകടങ്ങളുടെ സാഹചര്യത്തിലും കണയന്നൂർ തഹസിൽദാർ, ജില്ലാ ഫയർ ഓഫീസർ, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എന്നിവർ റിപ്പോർട്ട് നൽകിയതിൻ്റെ അടിസ്ഥാനത്തിലുമാണ് വെടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷ കളക്ടർ നിരസിച്ചത്.

വെടിക്കെട്ടിനുള്ള ലൈസൻസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശ്രീ മരട്ടിൽ കൊട്ടാരം ഭഗവതി ദേവസ്വം സെക്രട്ടറിയാണ് അപേക്ഷ നൽകിയത്. അടുത്തിടെ നടന്ന തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് അനുമതി നിരസിച്ച് ഉത്തരവിറക്കിയത്.

ക്ഷേത്രത്തിനു സമീപം വീടുകളും, വ്യാപാരസ്ഥാപനങ്ങളും, സ്കൂളും, ഐ.ടി.ഐയും എല്ലാം ഉള്ളതിനാൽ സുരക്ഷിതമായ അകലം പാലിക്കാൻ സാധിക്കില്ല എന്ന് വ്യക്തമായതാണ് കളക്ടറുടെ തീരുമാനത്തിന് പിന്നിൽ. നിലവിൽ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കുകയല്ല, അപേക്ഷയിൽ ആവശ്യപ്പെട്ട തരത്തിലുള്ള വെടിക്കെട്ട് സുരക്ഷയെ മുൻനിർത്തി ഒഴിവാക്കണമെന്നാണ് തീരുമാനം.