സംസ്‌ഥാനത്ത്‌ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന്‌ കടകള്‍ അടച്ചിടും

സംസ്‌ഥാനത്ത്‌ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന്‌ കടകള്‍ അടച്ചിടും
alternatetext

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സംസ്‌ഥാനത്ത്‌ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന്‌ കടകള്‍ അടച്ചിടും. വസ്‌ത്രമേഖലയോടുള്ള കേന്ദ്രനയത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന്‌ സംസ്‌ഥാനവ്യാപകമായി ടെക്‌സ്റ്റൈല്‍സുകളും അടച്ചിടുമെന്ന്‌ സംസ്‌ഥാന പ്രസിഡന്റ്‌ ടി.എസ്‌. പട്ടാഭിരാമന്‍, സെക്രട്ടറി പി.എ ശ്രീകാന്ത്‌, കൃഷ്‌ണാനന്ദ ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വ്യാപാരിവ്യവസായികള്‍ നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണിത്‌. എല്ലാ സാമ്ബത്തികവര്‍ഷവും മാര്‍ച്ച്‌ അവസാനത്തിനകം ബില്ലുകള്‍ തീര്‍ക്കണമെന്നാണ്‌ വ്യവസ്‌ഥ. ഇതു തുണികള്‍ ക്രെഡിറ്റ്‌ അടിസ്‌ഥാനത്തില്‍ കൈകാര്യം ചെയ്യുന്ന കച്ചവടത്തെ ബാധിക്കും. തുക നല്‍കിയില്ലെങ്കില്‍ ഉല്‍പന്നം വാങ്ങിയ കച്ചവടക്കാരുടെ വരുമാനമായി കണക്കാക്കി നികുതി ചുമത്തുമെന്നാണ്‌ അറിയിപ്പ്‌. കേരളത്തിലെ ടെക്‌സ്‌റ്റൈല്‍സ്‌ ചില്ലറ വ്യാപാരികളും മൊത്തക്കച്ചവടക്കാരും ഇതിനകം വസ്‌ത്ര ഉല്‍പാദകരായ എം.എസ്‌.എം.ഇ. നിര്‍മാതാക്കളില്‍ നിന്നുള്ള പര്‍ച്ചേസ്‌ ഓര്‍ഡറുകള്‍ റദ്ദാക്കിത്തുടങ്ങിയെന്നും അവര്‍ അറിയിച്ചു.

ചെറിയതോതില്‍ ബിസിനസ്‌ നടത്തുന്ന വ്യാപാരികള്‍ക്ക്‌ ഇത്‌ വലിയ ഭീഷണിയാണ്‌. എം.എസ്‌.എം.ഇകളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി കാരണം വ്യാപാരികള്‍ ഈ വിഭാഗത്തെ ഒഴിവാക്കുന്നു- അവര്‍ കുറ്റപ്പെടുത്തി.