വിദേശവിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാൻ വരുന്നു അതോറിറ്റി രൂപീകരിക്കുന്നതു സംസ്‌ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍.കണ്‍സള്‍ട്ടന്‍സികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും വിദേശ പഠനത്തിനുള്ള നടപടികള്‍ കാര്യക്ഷമമാക്കാനും സര്‍ക്കാരിനു കീഴില്‍ പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്നു ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അടുത്തിടെ സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയിരുന്നു.
നിയമ, ഉന്നതവിദ്യാഭാസ രംഗത്തു പ്രവര്‍ത്തിക്കുന്നവരാകും അംഗങ്ങള്‍. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലാകും അതോറിറ്റി പ്രവര്‍ത്തിക്കുക. വിദേശ കണ്‍സള്‍ട്ടന്‍സി തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ ആവശ്യമായ ബോധവത്‌കരണം നടത്തും.ഇതിനായി നിയമനിര്‍മ്മാണം നടത്തും.
നിലവില്‍ നാനൂറില്‍പരം ഏജന്‍സികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ അതോറിറ്റി നിരീക്ഷിക്കും. ഇടപാടുകളില്‍ സുതാര്യത ഉപ്പാക്കി തട്ടിപ്പ് ഇല്ലാതാക്കാന്‍ അതോറിറ്റി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗനിര്‍ദ്ദേശം നല്‍കും. എല്ലാ വിദ്യാഭ്യാസ ഏജന്‍സികളും അതോറിറ്റിയില്‍ രജിസ്‌റ്റര്‍ ചെയ്യണം. പ്രവര്‍ത്തന മികവു പരിഗണിച്ചാവും രജിസ്‌ട്രേഷന്‍ അനുവദിക്കുക. അംഗീകാരമുള്ളതും ഇല്ലാത്തതുമായ ഏജന്‍സികളെ ഇതുവഴി വിദ്യാര്‍ഥികള്‍ക്കു തിരിച്ചറിയാം.
അതോറിറ്റി നല്‍കുന്ന ക്ലിയറന്‍സിന്റെ അടിസ്‌ഥാനത്തില്‍ മാത്രമേ ഏജന്‍സികള്‍ക്കു പ്രവര്‍ത്തിക്കാനാവൂ. ഏജന്‍സികള്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന ഉറപ്പു പാലിക്കപ്പെടുന്നുണ്ടോ, ഇടപാടുകളുടെ റേറ്റിംഗ് എന്നിവ മനസിലാക്കി വിദ്യാര്‍ഥികള്‍ക്കു അവരുമായി ഇടപാടു നടത്താം. ഏജന്റുമാരുടെ ലൈസന്‍സിംഗും സ്‌റ്റാന്‍ഡേര്‍ഡ് ഫീസും അതോറിറ്റി നിയന്ത്രിക്കും. വിദ്യാഭ്യാസ ഏജന്റുമാരാല്‍ വഞ്ചിക്കപ്പെടുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണു കൗണ്‍സിലിന്റെ വിലയിരുത്തല്‍.