തിരുവനന്തപുരം: പരീക്ഷയിൽ മാർക്ക് കുറയുന്നതും, മാതാപിതാക്കൾ വഴക്ക് പറയുന്നതും സ്വാഭാവികമാണ്. എന്നാൽ ഇന്നത്തെ കുട്ടികളിൽ ഒരു വിഭാഗം ഇത്തരം സന്ദർഭങ്ങളിൽ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നു. കുട്ടികളുടെ ചിന്തകളും പ്രവൃത്തികളും വഴിതെറ്റി പോവുകയാണോ..?
ബുധനാഴ്ച തിരുവനന്തപുരം കാഞ്ഞാംപാറയിൽ പതിനാലുകാരന്റെ സാഹസികമായ ആത്മഹത്യാഭീഷണിയാണ് മലയാളികൾ കണ്ടത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞതിനെ തുടർന്നാണ് ഒമ്പതാം ക്ലാസ്സുകാരൻ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആത്മഹത്യാ ചിന്തയുമായി വലിഞ്ഞു കയറിയത് 220കെവി ലൈൻ വലിച്ചിരിക്കുന്ന വൈദ്യുത ടവറിൽ. രാവിലെ സ്കൂളിലേക്ക് പോകുന്നുവെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങി ടവറിൽ കയറിയ വിദ്യാർത്ഥിയെ വീട്ടുകാരും, നാട്ടുകാരും പേടിപ്പിച്ചും, സ്നേഹത്തോടെയും താഴെയിറക്കാൻ നോക്കിയെങ്കിലും നടന്നില്ല. തുടർന്ന് വെഞ്ഞാറമൂട് നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് കുട്ടിയെ താഴെയിറക്കിയത്.
വേദനയോടെ തലകുനിച്ചു കുട്ടിയുമായി നടന്നു നീങ്ങുന്ന മാതാപിതാക്കളെ നോക്കി സമൂഹം ഒന്നും മാത്രമേ ചിന്തിക്കുന്നുള്ളൂ, കുട്ടികളുടെ ചിന്തകളും, പ്രവൃത്തികളും വഴിതെറ്റിപ്പോവുകയാണോ എന്ന്.