കെഎസ്‌ആർടിസി എംഡി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് കെഎസ്‌ആർടിസി സിഎംഡി ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഗതാഗത സെക്രട്ടറി സ്ഥാനവും അദ്ദേഹം ഒഴിയുമെന്ന് റിപ്പോർട്ട്.ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയതെന്നാണ് റിപ്പോർട്ട്. കെഎസ്‌ആർടിസി മാനേജ്മെൻ്റിൻ്റെ വിവിധ തീരുമാനങ്ങളോട് ഗണേഷ് കുമാർ പരസ്യമായി വിയോജിച്ചിരുന്നു. ഇതാണ് കെഎസ്‌ആർടിസി എംഡി സ്ഥാനത്ത് നിന്ന് തന്നെയും മാറ്റണമെന്ന നിലപാടിലേക്ക് ബിജു പ്രഭാകറിനെ പ്രേരിപ്പിച്ചത്.
ഇലക്‌ട്രിക് ബസുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗണേഷ് കുമാർ സ്വീകരിച്ച നിലപാടും ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കി.വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ജനുവരി 28 ന് വിദേശത്ത് നിന്ന് തിരിച്ചെത്തിയതിന് ശേഷം ബിജു പ്രഭാകർ കെഎസ്‌ആർടിസി ഓഫീസ് സന്ദർശിക്കുകയോ ഫയലുകള്‍ തീർപ്പാക്കുകയോ ചെയ്തിട്ടില്ല. ഇലക്‌ട്രിക് ബസുകള്‍ ലാഭകരമല്ലെന്ന ഗണേഷ് കുമാറിൻ്റെ പ്രസ്താവന വിവാദമായിരുന്നു.