കേരളത്തിന്റെ ഡല്‍ഹി പ്രതിഷേധം നാളെ

കേരളത്തിന്റെ ഡല്‍ഹി പ്രതിഷേധം നാളെ
alternatetext

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാറിന്റെ സാമ്ബത്തിക ഉപരോധത്തിനും ഫെഡറല്‍ തത്ത്വങ്ങള്‍ തകര്‍ക്കുന്ന നയത്തിനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഡല്‍ഹി ജന്തർ മന്തറില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ കൂടുതല്‍ പ്രതിപക്ഷ പങ്കാളിത്തം. ഡല്‍ഹി പൊലീസിന്റെ അനുമതി ലഭിച്ചാല്‍ കേരള ഹൗസില്‍നിന്ന് ജന്തർ മന്തർ വേദിയിലേക്ക് പ്രതിഷേധ മാർച്ചായി പോകാനാണ് തീരുമാനം.

പ്രതിഷേധത്തില്‍ ആം ആദ്മി പാർട്ടി, ആർ.ജെ.ഡി, എൻ.സി.പി, ഡി.എം.കെ, ജെ.എം.എം അടക്കമുള്ള പാർട്ടി നേതാക്കള്‍ പങ്കെടുക്കുമെന്ന് ചൊവ്വാഴ്ച ഡല്‍ഹി കേരള ഹൗസില്‍ നടത്തിയ വാർത്തസമ്മേളനത്തില്‍ ഇടതുമുന്നണി കണ്‍വീനർ ഇ.പി. ജയരാജൻ അറിയിച്ചു. കേന്ദ്രം ബി.ജെ.പി ഇതര സംസ്ഥാനങ്ങളോട് പ്രതികാര മനോഭാവത്തോടെയാണ് പെരുമാറുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും ഇടത് എം.പിമാരും സമരത്തില്‍ പങ്കെടുക്കും.

സമരം കേന്ദ്ര സർക്കാറിന്റെ കണ്ണ് തുറപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമരം പ്രസക്തമാണെന്നതിന്റെ തെളിവാണ് കർണാടകയും സമരം പ്രഖ്യാപിച്ചതെന്ന് എളമരം കരീം എം.പി പറഞ്ഞു. പിന്തിരിഞ്ഞു നില്‍ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസിനുള്ള മറുപടിയാണ് കർണാടകയുടെ സമരം. കോണ്‍ഗ്രസ് ദേശീയ നേതൃത്വം സമരത്തില്‍ പങ്കെടുക്കാത്തത് കേരള നേതാക്കളുടെ സമ്മർദം കൊണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേട്ടമുണ്ടെങ്കിലേ സഹായിക്കൂ എന്നതാണ് ബി.ജെ.പി നിലപാടെന്ന് ജോസ് കെ. മാണി കുറ്റപ്പെടുത്തി. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.