15 പ്രതികളെ വധശിക്ഷയ്‌ക്കു വിധിച്ച ജഡ്‌ജിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കലാപാഹ്വാനത്തിന്‌ പോലീസ്‌ കേസെടുത്തു

15 പ്രതികളെ വധശിക്ഷയ്‌ക്കു വിധിച്ച ജഡ്‌ജിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കലാപാഹ്വാനത്തിന്‌ പോലീസ്‌ കേസെടുത്തു
alternatetext

ആലപ്പുഴ :15 പ്രതികളെ വധശിക്ഷക്കു വിധിച്ചതിനെ തുടര്‍ന്നു സാമൂഹിക മാധ്യമങ്ങളില്‍ മത, സാമുദായിക, രാഷ്‌ട്രീയ വിദ്വേഷം ഉളവാക്കുന്ന തരത്തിലും കലാപം ഉണ്ടാക്കുന്ന തരത്തിലുമുള്ള ചിത്രങ്ങളും പ്രസ്‌താവനകളും പോസ്‌റ്റ്‌ ചെയ്‌തതുമായി ബന്ധപ്പെട്ടു പതിമൂന്നോളം പേര്‍ക്കെതിരേയാണ്‌ അന്വേഷണം നടക്കുന്നത്‌. ബി.ജെ.പി ഒ.ബി.സി. മോര്‍ച്ച സംസ്‌ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്‌ ശ്രീനിവാസ്‌ വധക്കേസില്‍ 15 പ്രതികളെ വധശിക്ഷയ്‌ക്കു വിധിച്ച ജഡ്‌ജിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കലാപാഹ്വാനത്തിന്‌ പോലീസ്‌ കേസെടുത്തു. വിവിധ കേസുകളിലായി ഗ്രാമപഞ്ചായത്തംഗം അടക്കം നാലു പേര്‍ അറസ്‌റ്റില്‍.

ആലപ്പുഴ ജില്ലയില്‍ അഞ്ചു കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യുകയും നാലു കേസുകളിലെ പ്രതികളെ അറസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തു. ആലപ്പുഴ സൗത്ത്‌ സ്‌റ്റേഷനില്‍ നാലു കേസുകളുണ്ട്‌. ഈ കേസുകളുടെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത്‌ 19-ാം വാര്‍ഡില്‍ കുമ്ബളത്തുവെളി വീട്ടില്‍ നസീര്‍ മോന്‍(47), തിരുവനന്തപുരം മംഗലപുരം സക്കീര്‍ മന്‍സിലില്‍ റാഫി(38) എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തു.

കോടതിയില്‍ ഹാജരാക്കിയ നസീര്‍ മോനെ റിമാന്‍ഡ്‌ ചെയ്‌തു. വിധി പറഞ്ഞ ജഡ്‌ജിക്കെതിരെയും വിധിക്കെതിരെയും സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തുന്ന തരത്തിലുള്ള പോസ്‌റ്റ്‌ പ്രചരിപ്പിച്ചതിനു എസ്‌.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗവും മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്‌ അഞ്ചാം വാര്‍ഡംഗവുമായ ആലപ്പുഴ പൊന്നാട്‌ തേവരംശേരി നവാസ്‌ നൈന(42)യെയും അറസ്‌റ്റ്‌ ചെയ്‌തു. പുന്നപ്ര പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ അമ്ബലപ്പുഴ വടക്ക്‌ വില്ലേജില്‍ വണ്ടാനം പുതുവല്‍ വീട്ടില്‍ ഷാജഹാന്‍ (36) അറസ്‌റ്റിലായി.

മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്‌. സമൂഹ മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള വിദ്വേഷ പോസ്‌റ്റുകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിന്‌ സൈബര്‍ പോലീസ്‌ ശക്‌തമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും ശ്രദ്ധയില്‍പെട്ടാല്‍ അവര്‍ക്കെതിരെ ശക്‌തമായ നിയമനടപടി സ്വീകരിക്കുമെന്നും ആലപ്പുഴ ജില്ലാ പോലീസ്‌ മേധാവി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു. രണ്‍ജിത്ത്‌ ശ്രീനിവാസ്‌ വധക്കേസ്‌ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നു നിരീക്ഷിച്ചാണ്‌ 15 പ്രതികള്‍ക്കും മാവേലിക്കര കോടതി വധശിക്ഷ വിധിച്ചത്‌.