തിരുവനന്തപുരം: പോത്തൻകോട് പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ മണ്ണ് മാഫിയയില്‍നിന്നു പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ എസ്.എച്ച്.ഒ.യ്ക്കും എ.എസ്.ഐ.യ്ക്കും സസ്പെൻഷൻ. എസ്.എച്ച്.ഒ. ഇതിഹാസ് താഹ, എ.എസ്.ഐ. വിനോദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മണ്ണ്, ഭൂമാഫിയ സംഘത്തില്‍നിന്ന് പോത്തൻകോട് എസ്.എച്ച്.ഒ.യും എ.എസ്.ഐ.യും പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ നെയ്യാറ്റിൻകര ഡിവൈ.എസ്.പി. അമ്മിണിക്കുട്ടനായിരുന്നു അന്വേഷണച്ചുമതല. റേഞ്ച് ഐ.ജി. നിശാന്തിനിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയതിനു പിന്നാലെയാണ് ആരോപണവിധേയരായ എസ്.എച്ച്.ഒ., എ.എസ്.ഐ. എന്നിവരെ സസ്പെൻഡ് ചെയ്തത്.
ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണും ഫോണ്‍കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും വീഡിയോകോളുകളും അന്വേഷണസംഘം പരിശോധിച്ചിരുന്നു. പോത്തൻകോട് എസ്.എച്ച്.ഒ.യ്ക്കും എ.എസ്.ഐ.യ്ക്കും എതിരേയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. മണ്ണ്, മണല്‍ മാഫിയയില്‍നിന്നു പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ കഴിഞ്ഞദിവസം രണ്ടുപേർക്കുമെതിരേ അന്വേഷണം നടത്തിയിരുന്നു.
പോത്തൻകോട് പോലീസ് സ്റ്റേഷനിലെത്തിയ അന്വേഷണസംഘം പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥർക്കു പണം നല്കിയതിനെപ്പറ്റിയുള്ള സംഘത്തിന്റെ ഫോണ്‍ സംഭാഷണം പുറത്തായതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആരോപണവിധേയനായ എ.എസ്.ഐ.യെ മുൻപും ആരോപണത്തിന്റെ പേരില്‍ സ്ഥലംമാറ്റിയിരുന്നു. വാട്സാപ്പ് വഴിയാണ് ഉദ്യോഗസ്ഥർ മണ്ണ് മാഫിയസംഘവുമായി ബന്ധപ്പെടുന്നത്