അസം: രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും എഫ്.ഐ.ആർ. ഫയല്‍ചെയ്ത് അസം പോലീസ്. കേസെടുക്കല്‍ തുടർക്കഥയാകുന്ന സാഹചര്യത്തില്‍ ഇനിയും എത്ര എഫ്.ഐ.ആർ വേണമെങ്കിലും ഫയല്‍ ചെയ്തോളൂവെന്നും ഇതുകൊണ്ടൊന്നും തന്നെ ഭയപ്പെടുത്താനാവില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്കിടെയുണ്ടായ അക്രമസംഭവങ്ങള്‍ പരാമർശിച്ചാണ് രാഹുലിനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ബുധനാഴ്ച വീണ്ടും കേസെടുത്തിരിക്കുന്നത്.
‘കേസുകള്‍ ഫയല്‍ചെയ്ത് എന്നെ ഭയപ്പെടുത്താമെന്ന ചിന്ത എവിടെ നിന്നാണ് ഹിമന്തയ്ക്ക് ലഭിച്ചത് എന്നറിയില്ല. ഫയല്‍ ചെയ്യാവുന്ന അത്രയും കേസുകള്‍ ഫയല്‍ ചെയ്തോളൂ. ഇനിയും 25 കേസുകള്‍ കൂടി ഫയല്‍ ചെയ്യൂ, അതൊന്നും എന്നെ ഭയപ്പെടുത്താൻ പോകുന്നില്ല. ബി.ജെ.പിക്കും ആർ.എസ്.എസിനും എന്നെ ഒരിക്കലും ഭയപ്പെടുത്താനാകില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചേർത്താണ് രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, കനയ്യ കുമാർ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ അസം പോലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇതേ കാരണം ചൂണ്ടിക്കാട്ടി ചൊവ്വാഴ്ചയും ഇവർക്കെതിരെ കേസെടുത്തിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നിർദേശപ്രകാരമായിരുന്നു കേസെടുത്തത്. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ജനങ്ങള്‍ പ്രകോപിതരാകുന്നതും അതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍തന്നെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും പങ്കുവെച്ചിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കിയിരുന്നു.
ഈ തെളിവുകള്‍ പരിഗണിച്ചാണ് നേതാക്കള്‍ക്കെതിരെ കേസെടുക്കാൻ നിർദേശം നല്‍കിയതെന്ന് ഹിമന്ത എക്സില്‍ വിശദീകരണവും നല്‍കിയിരുന്നു. ജനുവരി 22-ന് അസമിലെ വൈഷ്ണവ പണ്ഡിതനായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലത്ത് പ്രണാമം അർപ്പിക്കാനെത്തിയ രാഹുലിന് പ്രവേശനം നിഷേധിച്ചതും വലിയ വാർത്തയായിരുന്നു.
നേരത്തേ, ഭാരത് ജോഡോ ന്യായ് യാത്രയുമായി രാഹുലിനെ തലസ്ഥാന നഗരമായ ഗുവാഹാട്ടിയിലേക്ക് കടക്കുന്നതില്‍നിന്ന് ഹിമന്ത തടഞ്ഞിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള വാക്പോര് തുടങ്ങിയത്. സമാധാനം പുലരുന്ന സംസ്ഥാനമാണ് അസമെന്ന ഹിമന്ത ബിശ്വശർമയുടെ പരാമർശത്തിന്, രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്തയെന്നാണ് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചത്.