ഇലക്‌ട്രിക്‌ ബസ്‌ വിവാദത്തിൽ ലാഭക്കണക്ക്‌ പരസ്യമായതിൽ മന്ത്രിക്ക് അതൃപ്‌തി.

ഇലക്‌ട്രിക്‌ ബസ്‌ വിവാദത്തിൽ ലാഭക്കണക്ക്‌ പരസ്യമായതിൽ മന്ത്രിക്ക് അതൃപ്‌തി.
alternatetext

ഇലക്‌ട്രിക്‌ ബസ്‌ വിവാദത്തിലും ലാഭക്കണക്ക്‌ പരസ്യമായതിലും മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്‌ അതൃപ്‌തി.ഇലക്‌ട്രിക്‌ ബസുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ പുറത്തുവിട്ടതു സി.എം.ഡി. ഓഫീസിന്റെ അറിവോടെയാണെന്നു മന്ത്രിയുടെ ഓഫീസ്‌ സംശയിക്കുന്നു മന്ത്രിക്കു കിട്ടുന്നതിനു മുമ്പ് മാധ്യമങ്ങളില്‍ ലാഭക്കണക്ക്‌ സംബന്ധിച്ച റിപ്പോര്‍ട്ട്‌ വന്നതിനെക്കുറിച്ച്‌ കെ.എസ്‌.ആര്‍.ടി.സി. ചെയര്‍മാനും മാനേജിങ്‌ ഡയറക്‌ടറുമായ (സി.എം.ഡി) ബിജു പ്രഭാകറിനോടു വിശദീകരണം തേടി.

ഇലക്‌ട്രിക്‌ ബസുകള്‍ക്കു തിരുവനന്തപുരം നഗരത്തില്‍ 10 രൂപയാണു ടിക്കറ്റ്‌ നിരക്ക്‌. കഴിഞ്ഞ ഏപ്രിലിലാണ്‌ 50 ബസുകള്‍ സര്‍വീസ്‌ ആരംഭിച്ചത്‌. ഓഗസ്‌റ്റില്‍ 107 ബസുകളായി. ഇ-ബസുകള്‍ നഷ്‌ടത്തിലല്ലെന്നാണു കെ.എസ്‌.ആര്‍.ടി.സിയുടെ റിപ്പോര്‍ട്ട്‌. എന്നു മാത്രമല്ല, കിലോമീറ്ററിനു ശരാശരി 8.21 രൂപ ലാഭത്തിലുമാണ്‌. ഒന്‍പതുമാസം കൊണ്ട്‌ 2.88 കോടി രൂപ ലാഭമുണ്ടായി. കഴിഞ്ഞ ഏപ്രിലില്‍ 17.91 ലക്ഷം രൂപയായിരുന്നു ലാഭം. ഡിസംബറില്‍ 41.76 ലക്ഷം രൂപയും.

ഇ-ബസുകള്‍ ഇനി വാങ്ങേണ്ടന്ന മന്ത്രിയുടെ നിലപാടിന്‌ ഇടതുമുന്നണിയില്‍ പിന്തുണയില്ല. ആധുനികകാലത്ത്‌ ഇ-ബസുകള്‍ ആവശ്യമാണെന്നാണു സി.പി.എം. നിലപാട്‌. കേന്ദ്രത്തിന്റെ സ്‌മാര്‍ട്ട്‌ സിറ്റി ഫണ്ട്‌ ഉപയോഗിച്ച്‌ ഡീസല്‍ ബസുകള്‍ വാങ്ങാനാവില്ല. ഇ-ബസ്‌ വാങ്ങിയില്ലെങ്കില്‍ ഫണ്ട്‌ വേണ്ടെന്നുവയ്‌ക്കണം. 950 ഇ-ബസുകള്‍ ലഭിക്കുന്ന പ്രധാനമന്ത്രിയുടെ പദ്ധതി സംബന്ധിച്ച്‌ സംസ്‌ഥാനസര്‍ക്കാര്‍ നിലപാട്‌ അറിയിച്ചിട്ടുമില്ല