ഗുജറാത്തിലെ ബോട്ട് അപകടത്തില്‍ മരണം 14 ആയി

ഗുജറാത്തിലെ ബോട്ട് അപകടത്തില്‍ മരണം 14 ആയി
alternatetext

ഗുജറാത്തിലെ ബോട്ട് അപകടത്തില്‍ മരണം 14 ആയി. മരിച്ചവരില്‍ 12 കുട്ടികളും രണ്ട് അധ്യാപകരും ഉള്‍പ്പെടുന്നു. വഡോദരയ്ക്ക് സമീപമുള്ള ഹരനി തടാകത്തിലായിരുന്നു അപകടം. ബോട്ടില്‍ ആകെ ഉണ്ടായിരുന്നത് 27 പേരാണ്. തടാകത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

വിനോദസഞ്ചാരത്തിന്റെ ഭാഗമായി വഡോദരയിലെ ഹരനി തടാകത്തില്‍ ബോട്ട് സവാരി നടത്തിയ സ്വകാര്യ സ്കൂളിലെ 27 പേർ അടങ്ങുന്ന സംഘമാണ് ഉച്ചയോടെ അപകടത്തില്‍ പെട്ടത്. ഇതില്‍ 23 പേർ കുട്ടികളും നാലുപേർ അധ്യാപകരുമാണ്. അപകടസമയത്ത് ബോട്ടില്‍ ഉണ്ടായിരുന്നവരാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇതുവരെ 11 ഓളം കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. അഗ്നി രക്ഷാ സേനയ്ക്ക് പുറമേ രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘത്തെയും വിന്യസിച്ചു.

അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അപകടത്തില്‍പ്പെട്ടവർക്ക് അടിയന്തര സഹായവും ചികിത്സയും ലഭ്യമാക്കാൻ അധികൃതർക്ക് നിർദ്ദേശം നല്‍കി. അപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു എന്നും രക്ഷാപ്രവർത്തനം വിജയം കാണട്ടെ എന്നും രാഷ്ട്രപതി ദ്രൗപതി മൂർമുവും അപകടത്തില്‍ അനുശോചനം അറിയിച്ചു.

അപകടത്തിന് ഉത്തരവാദികള്‍ ആരായാലും കർശന നടപടി സ്വീകരിക്കുമെന്ന് വഡോദര എം.പി രഞ്ജൻബെൻ ധനഞ്ജയ് ഭട്ട് പറഞ്ഞു. 15 പേർക്ക് സഞ്ചരിക്കാൻ ആകുന്ന ബോട്ടില്‍ 27 പേരെ കയറ്റിയതാണ് അപകടത്തിലേക്ക് നയിച്ചത് എന്ന ആരോപണവും ഉയരുന്നുണ്ട്.