മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്ബനിക്കെതിരെയുള്ള കേന്ദ്ര അന്വേഷണത്തില്‍ പ്രതികരണവുമായി പ്രകാശ് ജാവദേക്കര്‍. എക്സാലോജിക്കിനെ കുറിച്ച് നടക്കുന്നത് സുതാര്യമായ അന്വേഷണമാണെന്നും കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും പ്രകാശ് ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീണാ വിജയന്റെ കമ്ബനി എക്സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണമാണ് സി.പി.എം ആവര്‍ത്തിച്ച് ഉന്നയിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും അന്വേഷണത്തിന് വരുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നാണ് സി.പി.എമ്മിന്റെ വാദം. ആര്.ഒ.സി റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് രംഗത്തെത്തിയിരുന്നു. പിന്നാലെ, റിപ്പോര്‍ട്ട് തള്ളി എ.കെ. ബാലനും രംഗത്തെത്തി. ഇത്തരം അന്വേഷണങ്ങളെ ഭയക്കുന്നില്ലെന്നും അഴിമതി നടന്നിട്ടില്ലെന്നും ബാലൻ വ്യക്തമാക്കി.
അതേസമയം, വീണാ വിജയന്റെ കമ്ബനിയായ എക്സാലോജിക്കിനെ വെട്ടിലാക്കി ആര്.ഒ.സി. (രജിസ്ട്രാര്‍ ഓഫ് കമ്ബനീസ്)യുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. എക്സാലോജിക്-സി.എം.ആര്.എല്‍ ഇടപാടില്‍ അടിമുടി ദുരൂഹതയാണുള്ളതെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീണാ വിജയനെയും എക്സാലോജിക്കിനെയും അങ്ങേയറ്റം പ്രതിസന്ധിയിലാക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
വീണ വിജയന്റെ കമ്ബനിക്കെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് കമ്ബനീസാണ് സിഎംആര്‍എല്‍ കമ്ബനിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ചത്