ഇടുക്കി: വണ്ടിപ്പെരിയാർ അമ്പത്താറാം മൈൽ അയ്യപ്പ കോളേജിന് സമീപമാണ് വൻ ദുരന്തം ഒഴിവാക്കി കെഎസ്ആർടിസി ബസിന്റെ അത്ഭുതകരമായ അപകടം നടന്നത്. ഇന്ന് രാവിലെ ആറുമണിയോടെ കുമളിയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് സ്റ്റിയറിംഗ് ലോക്കായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്നും തെന്നി മാറുകയായിരുന്നു. അപകടത്തിൽപ്പെട്ട ബസിന്റെ മുൻഭാഗം പകുതിയോളം ഇരുപതടി താഴ്ചക്കു മുകളിൽ വായുവിൽ നിൽക്കുന്ന രീതിയിലായിരുന്നു.
നാൽപതോളം പെൺകുട്ടികൾ താമസിക്കുന്ന വനിതാ ഹോസ്റ്റലിനു മുകളിലാണ് ബസ് അപകടത്തിൽ പെട്ട് നിന്നത്. പുലർച്ചെ തന്നെ വലിയ ശബ്ദം കേട്ട് എഴുന്നേറ്റ കുട്ടികൾ ഭയചകിതരായി പുറത്തേക്കിറങ്ങി ഓടുകയും ചെയ്തു. ഏഴോളം യാത്രക്കാരുമായി എത്തിയ ബസ് അൽപം കൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ താഴോട്ട് പതിച്ച് വലിയൊരു ദുരന്തം ഉണ്ടാകുമായിരുന്നു.
അപകടത്തിൽ ഗതാഗതം സ്തംഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സും, പോലീസും, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ച് ഗതാഗതം പുനഃസ്ഥാപിച്ചു.