ഒ.ടി.പി. നമ്ബര്‍ കൈവശപ്പെടുത്തി കാഞ്ഞങ്ങാട് സ്വദേശിയുടെ എസ്.ബി.ഐ. അക്കൗണ്ടില്‍നിന്ന് അഞ്ചരലക്ഷം രൂപ തട്ടിയെടുത്തു.

ഒ.ടി.പി. നമ്ബര്‍ കൈവശപ്പെടുത്തി കാഞ്ഞങ്ങാട് സ്വദേശിയുടെ എസ്.ബി.ഐ. അക്കൗണ്ടില്‍നിന്ന് അഞ്ചരലക്ഷം രൂപ തട്ടിയെടുത്തു.
alternatetext

കാഞ്ഞങ്ങാട്: വ്യാജസന്ദേശമയച്ച്‌ ഒ.ടി.പി. നമ്ബര്‍ കൈവശപ്പെടുത്തി കാഞ്ഞങ്ങാട് സ്വദേശിയുടെ എസ്.ബി.ഐ. അക്കൗണ്ടില്‍നിന്ന് അഞ്ചരലക്ഷം രൂപ തട്ടിയെടുത്തു. കെ.എസ്.ഇ.ബി. കാഞ്ഞങ്ങാട് ഒാഫീസിലെ ഓവര്‍സിയര്‍ ഹൊസ്ദുര്‍ഗ് ലഷ്മി വെങ്കടേശ്വര ക്ഷേത്രത്തിനടുത്തെ ‘ദേവീകൃപ’യില്‍ കെ. മനോഹരയ്ക്കാണ് പണം നഷ്ടമായത്.

ജനുവരി 10-ന് രാവിലെ ഇദ്ദേഹത്തിന്റെ മൊബൈല്‍ഫോണില്‍ യോനോ ആപ്ലിക്കേഷൻ ബ്ലോക്കായെന്ന് പറഞ്ഞ് സന്ദേശമെത്തി. തൊട്ടുപിന്നാലെ ഇതേ നമ്ബറില്‍ വിളിച്ചു. ഇംഗ്ലീഷിലായിരുന്നു സംസാരം. ബാങ്കിന്റെ ഹെഡ് ഓഫീസില്‍നിന്നാണെന്നും ബ്ലോക്ക് മാറ്റാമെന്നും വിളിച്ചയാള്‍ പറഞ്ഞു. തുടരെ മൂന്ന് ഒ.ടി.പി. നമ്ബര്‍ മനോഹരയുടെ ഫോണിലേക്ക് വന്നു. ഒന്നിനു പിന്നാലെ ഒന്നായി മൂന്ന് നമ്ബറും മനോഹര പറഞ്ഞുകൊടുത്തു. ബ്ലോക്ക് മാറ്റിയിട്ടുണ്ടെന്നു പറഞ്ഞ് ഫോണ്‍ കട്ടുചെയ്തു.

അല്പസമയത്തിനുള്ളില്‍ പണം പിൻവലിച്ചതായ സന്ദേമെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ കാര്യം മനോഹരയ്ക്ക് മനസ്സിലായത്. 5,54,000 രൂപയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. രണ്ടുതവണയായാണ് പണം പിൻവലിച്ചത്. ആദ്യം 4,99,900 രൂപയും പിന്നാലെ 50,000 രൂപയും. ഉടൻ ബാങ്കില്‍ വിളിച്ച്‌ വിവരം പറഞ്ഞു. ബാങ്കിന്റെ കൊല്‍ക്കത്ത ശാഖയിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നു മനസ്സിലായി. ബാങ്ക് അധികൃതര്‍ ആ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമ്ബോഴേക്ക് 3,69,990 രൂപ എടുത്തിരുന്നു.

മനോഹരയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം തുടങ്ങി. സമാന രീതിയില്‍ കാഞ്ഞങ്ങാട്ട് മറ്റൊരാളുടെയും മടിക്കൈ സ്വദേശിനിയുടെയും അരലക്ഷം രൂപയോളം നഷ്ടമായി.

അക്കൗണ്ട് ഉടമകളുടെ ഫോണില്‍ വ്യാപകമായി തട്ടിപ്പ് സന്ദേശങ്ങള്‍ വരുന്നുണ്ട്. ഒരാള്‍ക്കുതന്നെ പല നമ്ബറുകളില്‍നിന്ന് ഇത്തരത്തില്‍ സന്ദേശമെത്തുന്നു. അക്കൗണ്ട് ബ്ലോക്കാകാൻ പോകുന്നു, ആപ്ലിക്കേഷൻ ബ്ലോക്കായി തുടങ്ങിയ സന്ദേശങ്ങളാണ് ബാങ്കിന്റെ ലോഗോ ഉള്‍പ്പെടെ പ്രൊഫൈലാക്കിയുള്ള ഫോണില്‍ നിന്നെത്തുന്നത്.

നെറ്റ് ബാങ്കില്‍ പാൻകാര്‍ഡ് നമ്ബര്‍ മുഖേന അക്കൗണ്ട് ബ്ലോക്ക് നീക്കാമെന്നു പറഞ്ഞ് ഒരു ലിങ്കും സന്ദേശത്തോടൊപ്പമുണ്ട്. അതില്‍ ക്ലിക്ക് ചെയ്താല്‍ യോനോ ആപ്പിന്റെ പോലെ ഒരു സൈറ്റ് തുറക്കും. വ്യാജമാണെന്ന് മനസ്സിലാകാത്ത സൈറ്റാണിത്. അതില്‍ നെറ്റ് ബാങ്കിങ് വിലാസവും മൊബൈല്‍ നമ്ബറും കൊടുക്കാൻ പറയും. അത് കൊടുത്തുകഴിഞ്ഞാല്‍ മൊബൈലില്‍ പാസ്വേഡ് അയക്കും. തെറ്റായ പാസ്വേഡോ വിവരങ്ങളോ നല്കിയാലും അടുത്ത ഘട്ടത്തിലേക്ക് കടന്ന് പാൻ കാര്‍ഡ് വിവരങ്ങള്‍ കൊടുക്കാൻ പറയും. അതുകൂടി കൊടുത്താല്‍ പണം നഷ്ടമാകും.

അക്കൗണ്ടുമായി ബന്ധപ്പെട്ട് ഓണ്‍ലൈനിലോ ഫോണില്‍ വിളിച്ചോ എന്തെങ്കിലും ചെയ്യാനുള്ള സന്ദേശമെത്തിയാല്‍ ബാങ്കിലെത്തി നിജസ്ഥിതി മനസ്സിലാക്കണമെന്ന് അധികൃതര്‍ പറഞ്ഞു.