ന്യൂഡല്‍ഹി: ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി, ദശലക്ഷക്കണക്കിന് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാൻ ആലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. ബജറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ, മിനിമം വേതനം, പെൻഷൻ മുതലായവ പരിഗണനയില്‍. 2020-ലെ സാമൂഹ്യസുരക്ഷാ നിയമത്തില്‍ വിഭാവനംചെയ്തിട്ടുള്ള വേതന വ്യവസ്ഥ നടപ്പാക്കുന്നതിനുള്ള നീക്കത്തിൻറെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍.
മിനിമം വേതനം, പെൻഷൻ, മെഡിക്കല്‍ ഇൻഷുറൻസ്, പ്രസവാനുകൂല്യങ്ങള്‍, ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയ വിവിധ ആനുകൂല്യങ്ങള്‍ പരിഗണനയിലുണ്ട്. വിവിധ മാര്‍ഗങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഇന്ത്യയിലെ ഗാര്‍ഹിക തൊഴിലാളികളുടെ കൃത്യമായ കണക്ക് സര്‍ക്കാരിന് ലഭിച്ചാലുടൻ അന്തിമ തീരുമാനമെടുക്കുമെന്നും വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
സാമൂഹ്യസുരക്ഷാ നിയമം ഗാര്‍ഹിക തൊഴിലാളികളെ ‘വേതന തൊഴിലാളികള്‍’ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. ഇത് പ്രാബല്യത്തില്‍ വന്നാല്‍ വേതനവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ക്ക് അര്‍ഹത ലഭിക്കും. നിലവിലുള്ള സാമൂഹിക സുരക്ഷാ നിയമങ്ങളും സ്കീമുകളും നിയമത്തില്‍ ഉള്‍പ്പെടുന്നുണ്ട്. നിയമം നടപ്പിലാക്കിയാല്‍ അത് തുടര്‍ന്നും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലഭ്യമാകും.
എന്നാല്‍, 2019-20 ല്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ നാല് ലേബര്‍ നിയമങ്ങള്‍ക്ക് കീഴില്‍ എല്ലാ സംസ്ഥാനങ്ങളും ചട്ടങ്ങള്‍ രൂപപ്പെടുത്തിയിട്ടില്ല. ലേബര്‍ ആൻഡ് എംപ്ലോയ്മെന്റ് മന്ത്രാലയത്തിന്റെ ലേബര്‍ ബ്യൂറോ രാജ്യവ്യാപകമായി ഗാര്‍ഹിക തൊഴിലാളികളുടെ സമഗ്രമായ സര്‍വേ നടത്തി അന്തിമരൂപം നല്‍കിയിട്ടുണ്ട്. സര്‍വേ ഫലം വിശകലനം ചെയ്തതശേഷം സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ക്കായുള്ള പദ്ധതി വിഭാവനം ചെയ്യും