കാസര്‍ഗോഡ്: കേരള കേന്ദ്ര സര്‍വകലാശാലയിലെ താല്‍കാലിക അധ്യാപകനു കരാര്‍ പുതുക്കി നല്‍കുന്നതിനും പി.എച്ച്‌ഡി. പ്രവേശനം ശരിയാക്കി നല്‍കുന്നതിനും കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ സര്‍വകലാശാല പ്രഫസര്‍ അറസ്‌റ്റില്‍. സോഷ്യല്‍ വര്‍ക്ക് വിഭാഗം പ്രഫസര്‍ എ.കെ. മോഹനനാണ് അറസ്‌റ്റിലായത്. 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്‌റ്റെന്നു വിജിലന്‍സ് അറിയിച്ചു.
സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലെ താല്‍കാലികാധ്യാപകന്റെ കരാര്‍ കാലാവധി ഡിസംബറില്‍ അവസാനിച്ചിരുന്നു. ഇന്നോ നാളെയോ പുതിയ വിജ്‌ഞാപനം വരും. അതില്‍ നിയമനം ഉറപ്പാക്കുന്നതിനും ഭാവിയില്‍ പി.എച്ച്‌ഡി. പ്രവേശനത്തിന് അപേക്ഷിക്കുകയാണെങ്കില്‍ വകുപ്പ് റിസര്‍ച്ച് കമ്മിറ്റിയില്‍ അപേക്ഷയെ എതിര്‍ക്കാതിരിക്കുന്നതിനും കൈക്കൂലിയായി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണു പരാതി. ആദ്യ ഗഡുവായി അരലക്ഷം രൂപ 12ന് മുമ്ബ് നല്‍കാനും ആവശ്യപ്പെട്ടു.തുടര്‍ന്നു പരാതിക്കാരന്‍ വിവരം വിജിലന്‍സ് ആസ്‌ഥാനത്തെ ഇന്റലിജന്‍സ് വിഭാഗത്തെ അറിയിച്ചു.
വിജിലന്‍സ് വടക്കന്‍ മേഖലാ പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്റെ മേല്‍നോട്ടത്തിലാണ് പ്രഫസറെ പിടികൂടിയത്. ഡിവൈ.എസ്‌പി: വി.കെ. വിശ്വംഭരന്‍, ഇന്‍സ്‌പെക്‌ടര്‍മാരായ എ.സി. ചിത്തരഞ്‌ജന്‍, എല്‍.ആര്‍. രൂപേഷ്, കാസര്‍ഗോഡ് റവന്യൂ റിക്കവറി തഹസില്‍ദാര്‍ പി. ഷിബു, അസിസ്‌റ്റന്റ് പ്ലാനിങ് ഓഫീസര്‍ റിജു മാത്യു, സബ് ഇന്‍സ്‌പെക്‌ടര്‍മാരായ ഈശ്വരന്‍ നമ്ബൂതിരി, കെ. രാധാകൃഷ്‌ണന്‍, വി.എം. മധുസുദനന്‍, പി.വി. സതീശന്‍, അസി. സബ് ഇന്‍സ്‌പെക്‌ടര്‍ വി.ടി. സുഭാഷ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന്‍, സന്തോഷ്, ഷീബ, പ്രദീപ്, പി.വി. സുധീഷ്, കെ.വി. ജയന്‍, പ്രദീപ് കുമാര്‍, കെ.ബി. ബിജു, കെ. പ്രമോദ് കുമാര്‍ എന്നിവരും വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു.