ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ നിഷ്പക്ഷ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളണമെന്നു തമിഴ്നാട്. പാര്‍ലമെന്‍റ് പാസാക്കിയ ഡാം സുരക്ഷാ നിയമത്തിലെ 38-ാം വകുപ്പ് പ്രകാരം സുരക്ഷാ പരിശോധന നടത്തേണ്ടത് അണക്കെട്ടിന്‍റെ ഉടമസ്ഥരാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഉടമസ്ഥരായതിനാല്‍ സമഗ്ര പരിശോധന തങ്ങള്‍ നടത്തും. 2021 ലെ ഡാം സുരക്ഷാ നിയമം നിലവില്‍ വന്ന് അഞ്ചു വര്‍ഷത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കിയാല്‍ മതി. അതുകൊണ്ട് പരിശോധന പൂര്‍ത്തിയാക്കാൻ ഇനിയും രണ്ടു വര്‍ഷത്തെ കാലാവധിയുണ്ടെന്നും 2026 ഡിസംബര്‍ 31നകം പരിശോധന പൂര്‍ത്തിയാക്കുമെന്നും തമിഴ്നാട് വ്യക്തമാക്കി.
ഡോ. ജോ ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് തമിഴ്നാട് മറുപടി സത്യവാങ്മൂലം നല്‍കിയത്. അണക്കെട്ട് ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 2006ലെയും 2014ലെയും വിധികളിലെ ശിപാര്‍ശകളും മേല്‍നോട്ട സമിതി നല്‍കിയ വിവിധ റിപ്പോര്‍ട്ടുകളിലെ ശിപാര്‍ശകളും കേരളം നടപ്പാക്കിയിട്ടില്ല. ഈ ശിപാര്‍ശകളാണ് ആദ്യം നടപ്പാക്കേണ്ടത്. അതിനു തയാറാകാതെ സമഗ്ര സുരക്ഷാ പരിശോധന എന്ന ആവശ്യമാണു കേരളം മുന്നോട്ടുവയ്ക്കുന്നതെന്നും 2024ലെ കാലവര്‍ഷത്തിനു മുന്പ് എല്ലാ പണികളും പൂര്‍ത്തിയാക്കാനുള്ള അനുമതി നല്‍കാൻ നിര്‍ദേശിക്കണമെന്നും തമിഴ്നാട് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
അണക്കെട്ടിന്‍റെ സുരക്ഷാ പരിശോധന ഉടൻ നടത്താൻ ഉന്നതാധികാര സമിതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു 2023 സെപ്റ്റംബറിലാണ് മുല്ലപ്പെരിയാര്‍ കേസിലെ ഹര്‍ജിക്കാരൻ ഡോ. ജോ ജോസഫ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്.