അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാന്‍ രാഹുല്‍ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് വി ഡി സതീശന്‍

അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാന്‍ രാഹുല്‍ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് വി ഡി സതീശന്‍
alternatetext

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാന്‍ രാഹുല്‍ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. പൊലീസും പാര്‍ട്ടിയും സര്‍ക്കാരും ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വിമര്‍ശനം. ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊന്നവന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ അതേ പോലീസും പാര്‍ട്ടിയും സര്‍ക്കാരുമാണ് മറുഭാഗത്ത് ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നതെന്ന് അദ്ദേഹം പോസ്റ്റില്‍ രൂക്ഷമായി വിമര്‍ശിച്ചു.

സര്‍ സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ നാടകീയമായ അറസ്റ്റെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സ്തുതിപാടകരാല്‍ ചുറ്റപ്പെട്ട മുഖ്യമന്ത്രി സമനില തെറ്റിയതുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. രാഹുലിനെ കരിച്ചു കളയാമെന്ന് പിണറായി വിജയന്‍ കരുതുന്നുണ്ടെങ്കില്‍ ആ പരിപ്പ് ഇവിടെ വേകില്ല. ഇതിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്നു സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

പൊലീസ് മര്‍ദനമേറ്റ രാഹുലിനെ ആശുപത്രിയില്‍ നിന്നു ചികിത്സ കഴിഞ്ഞ വന്നയുടനേയാണ് അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്തത്. ഭീകരോടുംപോലും ഇങ്ങനെ ചെയ്യില്ല. ക്രിമിനല്‍ കേസിലെ പ്രതികളെ പിടികൂടുന്നതുപോലെ വീടുകയറി വളഞ്ഞിട്ട് പിടികൂടേണ്ട ഒരു സാഹചര്യവുമില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ യുവജനപ്രസ്ഥാനമായ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ രാഹുല്‍ ജനങ്ങളുടെ ഇടയില്‍ ജീവിക്കുന്ന പൊതുപ്രവര്‍ത്തകനാണ്. നോട്ടീസ് അയച്ചുവിളിച്ചാല്‍ നേരിട്ട് പോലീസ് സ്റ്റേഷനില്‍ ഹാജരാകുന്നയാളാണ് അദ്ദേഹം. സിപിഎമ്മും പൊലീസും ചേര്‍ന്നുള്ള വ്യക്തമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെടിച്ചട്ടിയും ഇരുമ്ബുവടിയും കൊണ്ട് അക്രമിച്ച ഡിവൈഎഫ്‌ഐ -സിപിഎം ക്രിമിനലുകളും കുറുവടി ഉപയോഗിച്ച്‌ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും കെപിസിസി ഭാരവാഹിയുടെ വീടാക്രമിച്ച ക്രിമിനലുകളും സൈ്വര്യവിഹാരം നടത്തുമ്ബോഴാണ് രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തത്. വിമര്‍ശിക്കുന്നവരെ നിശബ്ദമാക്കാമെന്നാണ് ഈ ഫാസിസ്റ്റ് ഭരണാധികാരി കരുതുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലെടുത്ത കേസിലാണ് നടപടി.

പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കേസിലെ നാലാം പ്രതിയാണ് രാഹുല്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഒന്നാം പ്രതി. മാര്‍ച്ചില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു