മലപ്പുറം : കുട്ടികളുടെ അതിജീവനം വികസനം സുരക്ഷിതത്വം സംരക്ഷണം എന്നിവ സമൂഹത്തിന്റെ ബാധ്യതയാണെന്ന് സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാര്‍. ജില്ലയിലെ സ്റ്റുഡന്റ് പോലീസ് ചുമതലയുള്ള അധ്യാപകര്‍ക്ക് സംസ്ഥാന ബാലാവകാശ കമ്മീഷനും പോലീസും സംയുക്തമായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവകാശങ്ങളോടൊപ്പം കര്‍ത്തവ്യങ്ങളും കുട്ടികളെ ബോധ്യപ്പെടുത്താൻ അധ്യാപകര്‍ക്ക് കഴിയണം. കുട്ടികളുടെ അന്തസ്സും മൂല്യവും നിലനിര്‍ത്താൻ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശിശു സംരക്ഷണ നിയമങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇതിനായി വിവിധ സംഘടനകളുമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ പരിപാടിയില്‍ ഡി.വൈ.എസ്.പി കെ.സി ബാബു അധ്യക്ഷത വഹിച്ചു. ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ഷാജെസ് ഭാസ്കര്‍ ‘കുട്ടികളുടെ അവകാശങ്ങളും നിയമങ്ങളും ‘ വിഷയത്തില്‍ ക്ലാസെടുത്തു. എസ്.പി.സി അസി.നോഡല്‍ ഓഫീസര്‍ സി.പി പ്രദീപ് കുമാര്‍, ബിന്ദു ഭാസ്കര്‍ എന്നിവര്‍ സംസാരിച്ചു.