മന്നത്ത് പദ്മനാഭന്‍റെ 147ാമത് ജയന്തി ആഘോഷങ്ങള്‍ക്ക് പെരുന്നയില്‍ സമാപ്തി.

മന്നത്ത് പദ്മനാഭന്‍റെ 147ാമത് ജയന്തി ആഘോഷങ്ങള്‍ക്ക് പെരുന്നയില്‍ സമാപ്തി.
alternatetext

ചങ്ങനാശ്ശേരി: നായര്‍ സര്‍വിസ് സൊസൈറ്റി സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന്‍റെ 147ാമത് ജയന്തി ആഘോഷങ്ങള്‍ക്ക് പെരുന്നയില്‍ സമാപ്തി. രണ്ടുദിവസം നീണ്ട ആഘോഷ പരിപാടികളില്‍ പങ്കെടുക്കാൻ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരങ്ങളാണ് പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയത്.

മന്നം ജയന്തി സമ്മേളനം മുൻ രാജ്യസഭാംഗം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കര്‍മം കൊണ്ട് മഹാനായ വ്യക്തിത്വമാണ് മന്നത്ത് പദ്മനാഭന്‍റേതെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക പരിഷ്‌കര്‍ത്താവായ മന്നത്ത് പദ്മനാഭനെ സമുദായത്തിെന്‍റ വേലിക്കെട്ടില്‍ തളച്ചിടാനാണ് ചില സാമൂഹിക നേതാക്കള്‍പോലും ശ്രമിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്രസര്‍ക്കാര്‍ അക്കാദമി വിശിഷ്ടാംഗം സി. രാധാകൃഷ്ണന്‍ പറഞ്ഞു.

മതനിരപേക്ഷതയുടെ ഉദാത്ത മാതൃകയാണ് മന്നത്ത് പദ്മനാഭനെന്ന് മന്നം ജയന്തി അനുസ്മരണ പ്രഭാഷണം നടത്തിയ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. അധികാരത്തോട് അമിതവിധേയത്വം ഇല്ലാതെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച്‌ പക്വതയോടുകൂടി മുന്നോട്ട് പോകുന്ന നേതൃത്വമാണ് എൻ.എസ്.എസിനുള്ളതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. എന്‍.എസ്.എസ് പ്രസിഡന്‍റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതവും ട്രഷറര്‍ എൻ.വി. അയ്യപ്പന്‍പിള്ള നന്ദിയും പറഞ്ഞു.