ഗവര്‍ണര്‍ക്ക് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്.എഫ്.ഐ

ഗവര്‍ണര്‍ക്ക് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്.എഫ്.ഐ
alternatetext

തിരുവനന്തപുരം: സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്.എഫ്.ഐ. ഗവര്‍ണര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് രാജ്ഭവനിലേക്ക് പോകുന്നതിനിടെ എ.കെ.ജി സെന്ററിന് സമീപമായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആരിഫ് മുഹമ്മദ് ഖാന്‍ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിച്ചാണ് എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഡിസംബര്‍ 21ന് ഗവര്‍ണര്‍ രാജ്ഭവനില്‍നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയും എസ്.എഫ്.ഐക്കാര്‍ കരിങ്കൊടി കാണിച്ച്‌ മുദ്രാവാക്യം വിളിച്ചിരുന്നു.

തന്നെ ആക്രമിക്കാൻ മുഖ്യമന്ത്രി ഗുണ്ടകളെ അയക്കുകയാണെന്നായിരുന്നു വിമാനത്താവളത്തിലെത്തിയ ഗവര്‍ണറുടെ പ്രതികരണം. നേരത്തെ, കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ ദിവസങ്ങള്‍ നീണ്ട പ്രതിഷേധം എസ്.എഫ്.ഐ സംഘടിപ്പിച്ചിരുന്നു. ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ക്കെതിരെ നടപടി കടുപ്പിച്ച്‌ സര്‍ക്കാറും രംഗത്തെത്തിയിരുന്നു.

ഗവര്‍ണര്‍ ഭരണഘടനാ ചുമതല നിറവേറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. ഗവര്‍ണര്‍ നിരന്തരം പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നുവെന്നും കത്തില്‍ വിമര്‍ശനമുണ്ടായിരുന്നു.

നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ തടഞ്ഞുവെക്കുന്നെന്ന പരാതി നാളുകളായി സര്‍ക്കാര്‍ ഉന്നയിക്കുന്ന വിമര്‍ശനമാണ്. ഇതിനെതിരെ കേരളം നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.