ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ ഐടി നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദേശം നല്കി കേന്ദ്രം. ഡീപ്ഫേക്കുകളുടെ ആധിക്യം കണക്കിലെടുത്താണ് നടപടി. ഇൻസ്റ്റഗ്രാം, എക്സടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരം മാധ്യമങ്ങളില്‍ അനുവദനീയമല്ലാത്ത ഉള്ളടക്കങ്ങള്‍ എന്തെല്ലാമാണെന്ന് എല്ലാ ഭാഷകളിലും രേഖപ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
നിര്‍മിത ബുദ്ധി ഉപയോഗിച്ച് കൃത്രിമമായ ചിത്രങ്ങളും വീഡിയോകളും നിര്‍മിക്കുന്നതില്‍ ഐടി മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. തെറ്റായ വിവരങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. നിര്‍മിത ബുദ്ധി ഉപയോഗിച്ചുണ്ടാക്കുന്ന തെറ്റായ വിവരങ്ങള്‍ ഇത്തരം ഭീഷണി വര്‍ധിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമലംഘകരെ റിപ്പോര്‍ട്ട് ചെയ്യുന്നതിലുണ്ടാകുന്ന പാളിച്ച നിയമപരമായി ഇത്തരം മാധ്യമങ്ങളുടെ പിഴവാണ്. ഇത്തരം വിഷയങ്ങളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് കൃത്യമായ ധാരണയുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും ഇവരുടെ ഉത്തരവാദിത്വമാണ്.