സ്വന്തം സ്വത്വവും പാരമ്പര്യവും തിരികെ പിടിക്കാന്‍ സനാതനധര്‍മികളെപ്പോലെ പോരാട്ടം നടത്തേണ്ടി വന്നിട്ടുള്ള മറ്റൊരു ജനതയും ഉണ്ടാവില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ശ്രീരാമനേയും ശ്രീകൃഷ്ണനേയും വിശ്വസിക്കുന്ന ഹൈന്ദവർക്ക് ആരാധാനഭൂമിയുടെ വീണ്ടെടുപ്പിനായി നൂറ്റാണ്ട് നീണ്ട നിയമപോരാട്ടം നടത്തേണ്ടിവരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പോരാട്ടങ്ങൾക്ക് വർഗീയ നിറം നൽകാനുള്ള ബോധപൂർവമായ ശ്രമം കേരളത്തിൽ ചിലർ നടത്തുന്നു.
കുന്നംമഠത്തിൽ നട ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയുടെ സ്വാധീനത്തിൽ, അയോധ്യയിൽ രാമക്ഷേത്രത്തിനായി സുപ്രീംകോടതി തീരുമാനം എടുത്തു എന്ന് ചിലർ പ്രചരിപ്പിക്കുന്നു. എന്നാൽ അയോധ്യയും മഥുരയും രാമജന്മഭൂമിയും കൃഷ്ണജന്മഭൂമിയുമെന്നതിന് ചരിത്രം തെളിവുനൽകുന്നുണ്ട്. ഇക്കാര്യങ്ങൾ മറച്ചുവയ്ക്കപ്പെടുന്നു.ക്രൈസ്തവർക്ക് ബത്ലഹേം പോലെ, മുസ്ലീങ്ങൾക്ക് മെക്ക പോലെ ഹൈന്ദവർക്ക് പുണ്യപാവനകേന്ദ്രങ്ങളാണ്ഇവയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ശങ്കരാചാര്യരെ സവർണരുടെ പ്രതീകവും ഗുരുദേവനെ അവർണരുടെ പ്രതീകവുമാക്കി പോലും വിഭജനം സൃഷ്ടിച്ചു. ശങ്കരൻ്റെ മതമാണ് എൻ്റെ മതവും എന്ന് ഗുരുദേവൻ പറഞ്ഞത് ഉൾക്കൊള്ളാൻ കഴിയാത്തവർ നമുക്ക് ഇടയിൽ ഉണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
കേരളസമൂഹത്തില്‍ അഹിംസയും സത്യവും ഇല്ലാതാവുന്ന കാലത്ത് ഭാഗവതസപ്താഹം പോലുള്ള കൂടിച്ചേരലുകൾ അനിവാര്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഭരണാധികാരികൾ പോലും നുണപറയുന്ന കാലത്ത് സഹാനുഭൂതിയും സ്നേഹവും പടർത്താൻ ഇത്തരം യജ്ഞങ്ങൾക്ക് സാധിക്കുമെന്നും വി.മുരളീധരൻ ചൂണ്ടിക്കാട്ടി.