സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം നൽകി പണയത്തട്ടിപ്പ്:രണ്ടുപേർ അറസ്റ്റിൽ.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം നൽകി പണയത്തട്ടിപ്പ്:രണ്ടുപേർ അറസ്റ്റിൽ.
alternatetext

കിടങ്ങൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ട് പേരെ കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് നാരകംപുഴ ചന്തക്കടവ് ഭാഗത്ത് പുളിക്കൽ പീടികയിൽ വീട്ടിൽ മുഹമ്മദ് ഷാജഹാൻ, ഈരാറ്റുപേട്ട പത്താഴപ്പടി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന നടക്കൽ വെള്ളാപ്പള്ളിൽ വീട്ടിൽ കബീർ.വി.ഐ എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്.

കിടങ്ങൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പ്രദേശവാസിയായ യുവാവാണ് സ്വർണ്ണമെന്ന് പറഞ്ഞ് മുക്കുപണ്ടമാല പണയം വെച്ച് 90,000 രൂപ വാങ്ങിയത്. ചതിവ് തിരിച്ചറിഞ്ഞ സ്ഥാപന ഉടമ നൽകിയ പരാതിയില്‍ കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിൽ യുവാവിനെ പിടികൂടുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മുക്കുപണ്ടം പണയം വയ്ക്കാൻ നൽകിയ പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയും ചെയ്തു.

തുടർന്നാണ് മുഹമ്മദ് ഷാജഹാനെയും, കബീറിനെയും അന്വേഷിച്ചു കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഇവർക്ക് തൊടുപുഴ സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.