തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മന്ത്രിമാരുടെയും നവകേരള യാത്ര കടന്നു പോകുന്ന വഴിയില്‍ കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ ഒറ്റയാള്‍ സമരം. കറുത്ത വസ്ത്രം ധരിച്ചാണ് ചാണ്ടി ഉമ്മന്‍റെ സമരം. പൂജപ്പുരയില്‍ നിന്ന് ഉമ്മൻചാണ്ടിയുടെ വസതിയായ പുതുപ്പള്ളി ഹൗസിലേക്ക് പോവുന്ന വഴിയുടെ സമീപത്താണ് കസേരയിട്ട് ചാണ്ടി ഉമ്മൻ ഇരിക്കുന്നത്.
തന്നെ സന്ദര്‍ശിക്കാൻ വന്ന പ്രവര്‍ത്തകനോട് കറുപ്പ് വസ്ത്രം ധരിച്ച് നില്‍ക്കാൻ പാടില്ലെന്ന് പൊലീസ് നിര്‍ദേശിച്ചതിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് നടത്തിയ ഗ്രനേഡ് ആക്രമണത്തിലും പ്രതിഷേധിച്ചാണ് സമരം. അതേസമയം, പ്രദേശത്ത് നവകേരള സദസിന്‍റെ ടീഷര്‍ട്ട് ധരിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെയും കാത്ത് നില്‍പ്പുണ്ട്.
തന്‍റെ സഹോദരന്മാരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും കോണ്‍ഗ്രസ് നേതാക്കളോടും പൊലീസ് കാണിച്ച ക്രൂരതയിലാണ് ഒറ്റയാള്‍ പ്രതിഷേധമെന്ന് ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് വ്യക്തമാക്കി. തന്നെ സന്ദര്‍ശിക്കാൻ വന്ന പ്രവര്‍ത്തകനോട് കറുപ്പ് വസ്ത്രം ധരിച്ച് നില്‍ക്കാൻ പാടില്ലെന്ന് പൊലീസ് പറഞ്ഞു.
കെ.പി.സി.സി. അധ്യക്ഷനും പ്രതിപക്ഷ നേതാവും പ്രസംഗ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത സമരത്തിന് നേരെ പൊലീസ് നടത്തിയ ഗ്രനേഡ് ആക്രമണം നടന്നത് ഞെട്ടിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ രക്ഷിക്കാൻ ശ്രമിച്ചാല്‍ അത് സ്വീകരിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം, തിരുവനന്തപുരം അമ്ബലത്തറയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ ആര്‍.വൈ.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.