തിരുവനന്തപുരം: സംസ്ഥാനത്ത് ഡി.ജി.പി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനെതിരെ പൊലീസ് അതിക്രത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നഗരങ്ങളില്‍ പന്തം കൊളുത്തി പ്രകടത്തുമെന്ന കെ.പി.സി.സി. എല്ലായിടത്തും മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നഗരങ്ങളിലാണ് പന്തം കൊളുത്തി പ്രതിഷേധം നടത്തുന്നത്.
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലും കെ.എസ്.യു മാര്‍ച്ചിലും പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് ഇന്ന് ഡി.ജി.പി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രസംഗിച്ചതിന് പിന്നാലെ കെ. സുധാകരൻ പ്രസംഗം ആരംഭിച്ചപ്പോഴാണ് പൊലീസ് ടിയര്‍ ഗ്യാസ് പൊട്ടിച്ചത്. സംസ്ഥാന അധ്യക്ഷനടക്കമുള്ള നേതാക്കള്‍ക്ക് ഇതേത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായി.
പ്രസംഗത്തിനിടെ ഒരു വശത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറിയതിന് പിന്നാലെയാണ് ജലപീരങ്കി പ്രയോഗവും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചത്. പ്രതിപക്ഷ നേതാവിന്റെ തൊട്ടടുത്താണ് ഒരു കണ്ണീര് വാതക ഷെല്ല് വീണത്. ഇതാണ് നേതാക്കള്‍ക്കാകെ അസ്വാസ്ഥ്യം നേരിടാൻ കാരണം. നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പ്രവര്‍ത്തകര്‍ ഒന്നടങ്കം കെ.പി.സി.സി ഓഫീസ് സ്ഥിതി ചെയ്യുന്ന വെള്ളയമ്ബലം ഭാഗത്തേക്ക് പോയി.
ഇവിടെ റോഡ് ഉപരോധിച്ചത് വലിയ ഗതാഗത തടസം ഉണ്ടാകാൻ കാരണമായി. കെ.പി.സി.സിയിലെ നേതാക്കള്‍ യോഗം ചേര്‍ന്നാണ് പിന്നീട് പ്രതിഷേധം സംസ്ഥാന വ്യാപകമായി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. പൊലീസിലെ ഗുണ്ടകള്‍ അക്രമം നടത്തിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വിമര്‍ശിച്ചു.
പൊലീസ് നടപടി അസാധാരണമെന്ന് പറഞ്ഞ രമേശ് ചെന്നിത്തല മോദി മാതൃകയില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുകയാണെന്ന് പറഞ്ഞു. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന പോലീസുകാര്‍ കാലം മാറുമെന്ന് ഓര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.