മുഖ്യമന്ത്രിയുടെ അകമ്ബടി വാഹനം തട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്ക്

മുഖ്യമന്ത്രിയുടെ അകമ്ബടി വാഹനം തട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്ക്
alternatetext

തിരുവനന്തപുരം: നവകേരള സദസ്സിന്‍റെ തലസ്ഥാന ജില്ലയിലെ മൂന്നാംദിനം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കരിങ്കൊടി പ്രതിഷേധം. കരിങ്കൊടി കാട്ടിയവരെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു.

മുഖ്യമന്ത്രിയുടെ അകമ്ബടി വാഹനം തട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കാലിന് പരിക്കേറ്റു. ഓടിക്കൊണ്ടിരുന്ന കാറിന്‍റെ ഡോര്‍ പ്രവര്‍ത്തകര്‍ക്കുനേരെ തുറന്നപ്പോഴായിരുന്നു സംഭവം. കാല്‍പാദത്തിന് ഗുരുതര പരിക്കേറ്റ മാറനല്ലൂര്‍ സ്വദേശി ആൻസല്‍ ദാസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാട്ടാക്കട കുളത്തുമ്മല്‍ സ്‌കൂളിനു മുന്നില്‍ പ്രതിഷേധിച്ചപ്പോഴാണ് ആൻസല്‍ ദാസിന് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ടി. അനീഷ്, വിളപ്പില്‍ സജി എന്നിവര്‍ക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റു. തൂങ്ങാംപാറ കാളിദാസ ഓഡിറ്റോറിയത്തിലെ പ്രഭാതയോഗം കഴിഞ്ഞ് കാട്ടാക്കട വഴി നവകേരള സദസ്സ് വേദിയായ ആര്യനാട്ടേക്ക് പോകുമ്ബോഴാണ് കാട്ടാക്കടയിലും പൂവച്ചലിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.

മന്ത്രിമാരുടെ വാഹനവ്യൂഹത്തിനൊപ്പം സഞ്ചരിച്ച ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദിച്ചു. മുഖ്യമന്ത്രിയുടെ വാഹനം കള്ളോട് മുസ്ലിം പള്ളിക്കുസമീപമെത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കുളപ്പട ഫിറോസ്, ലിജു സാമുവല്‍, പൊന്നെടുത്തകുഴി സത്യദാസ് തുടങ്ങി 15 ലേറെ പേര്‍ കരിങ്കൊടി കാട്ടി.

ഇവരെയും സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. അടിയേറ്റ് വീണവരെ നിലത്തിട്ടും തല്ലി. സംഭവത്തെ തുടര്‍ന്ന് പത്തോളം പേരെ പൊലീസ് പിടികൂടി മലയിൻകീഴ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടെ, പൂവച്ചല്‍ അമ്ബലം ജങ്ഷനു സമീപം മഹിള കോണ്‍ഗ്രസ് നേതാവ് ഷീജ കരിങ്കൊടി പ്രതിഷേധം നടത്തി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുഖ്യമന്ത്രി എത്തുന്നതിന് മുന്നോടിയായി ഡി.ഡി.സി സെക്രട്ടറിമാരായ കാട്ടാക്കട സുബ്രഹ്മണ്യം, എം.ആര്‍. ബൈജു, ഡി.സി.സി അംഗം കാട്ടാക്കട രാമു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ എസ്.കെ, കട്ടയ്ക്കോട് തങ്കച്ചന്‍, അഡ്വ. അനന്ത സുബ്രഹ്മണ്യം എന്നിവരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു