അയോധ്യ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് ക്ഷണം. അയോധ്യ ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ സോണിയ ഗാന്ധിയെ നേരിട്ട് ക്ഷണിക്കുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെയേയും ട്രസ്റ്റ് പ്രതിനിധികള്‍ നേരിട്ട് ക്ഷണിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനും ക്ഷണക്കത്ത് നല്കിയെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ അറിയിച്ചു.
ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരെയും പ്രതിനിധി സംഘം സന്ദര്‍ശിച്ച് രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനും ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അധ്യക്ഷൻമാര്‍ക്കും ക്ഷണമുണ്ടെന്നാണ് വിവരം.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍ എസ് എസ് സര്‍സംഘചാലക് മോഹൻ ഭഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ അയോധ്യ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തിന് എത്തും. രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങിന് അയോധ്യയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥ്, വൈഷ്ണോദേവി, മത, ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.
ആത്മീയ നേതാവ് ദലൈലാമ, മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അരുണ്‍ ഗോവില്‍, ചലച്ചിത്ര സംവിധായകൻ മധുര് ഭണ്ഡാര്‍ക്കര്‍, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനില്‍ അംബാനി, പ്രശസ്ത ചിത്രകാരൻ വാസുദേവ് കാമത്ത്, ഐ എസ് ആര്‍ ഒ ഡയറക്ടര്‍ നിലേഷ് ദേശായിയെയും ക്ഷണിച്ചിട്ടുണ്ട്.