മാരാരിക്കുളം: മോഷ്‌ടിച്ച ബൈക്കിലെത്തി മധ്യവയസ്‌കയുടെ സ്വര്‍ണമാല അപഹരിച്ച് കടന്നുകളഞ്ഞ സംഘം അറസ്‌റ്റില്‍. തിരുവനന്തപുരം കടകംപള്ളി ശംഖുമുഖം വാര്‍ഡില്‍ രാജീവ് നഗര്‍ ടി.സി 34/229 ല്‍ അനൂപ് ആന്റണി (28), തിരുവനന്തപുരം പൂങ്കളം ഐശ്വര്യ വീട്ടില്‍ അരുണ്‍ (37) എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ മാരാരിക്കുളം പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. മാരാരിക്കുളം റെയില്‍വേ സ്‌റ്റേഷനു മുന്‍വശത്ത് പാര്‍ക്കുചെയ്‌തിരുന്ന കെ.എല്‍ 04 വൈ 1303 രജിസ്‌റ്റര്‍ നമ്ബരിലുള്ള ബൈക്ക് പ്രതികള്‍ ആദ്യം മോഷ്‌ടിച്ചിരുന്നു. തുടര്‍ന്ന് മാരാരിക്കുളം മഹാദേവക്ഷേത്രത്തില്‍ തൊഴുതു മടങ്ങിയ മധ്യവയസ്‌കയുടെ മാല പൊട്ടിച്ച് കടക്കുകയായിരുന്നു.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ ശാരി നിവാസില്‍ ശോഭന (55)യുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്റെ മാലയാണ് അപഹരിച്ചത്. അനൂപ് ആന്റണിയെ കാപ്പ നിയമപ്രകാരം നേരത്തെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ഇയാള്‍ക്കെതിരേ തിരുവനന്തപുരം വലിയതുറ, കന്റോണ്‍മെന്റ്, പേട്ട, പേരൂര്‍ക്കട, കരമന, വഞ്ചിയൂര്‍, മെഡിക്കല്‍ കോളജ്, നേമം, പൂന്തുറ, കഴക്കൂട്ടം, തുമ്ബ എന്നീ സ്‌റ്റേഷനുകളില്‍ കവര്‍ച്ച, പിടിച്ചുപറി, മോഷണം, അടിപിടി, മയക്കുമരുന്ന് ഉള്‍പ്പടെ മുപ്പത്തഞ്ചോളം കേസുണ്ട്.
പ്രതികള്‍ മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നു പോലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മാരാരിക്കുളം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ എ.വി. ബിജുവിന്റെ നേതൃത്വത്തില്‍ പോലീസ് സബ് ഇന്‍സെപ്‌കടര്‍ ഇ.എം. സജീര്‍, എല്‍ദോസ് കുര്യാക്കോസ്, ജോസ് സി. ദേവസ്യ, ജയദേവ് തുടങ്ങിയവരുള്‍പ്പെട്ട സംഘം നാട്ടുകാരുമായി ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് പ്രതികളെ കണ്ടെത്തിയത്.