ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ പ്രതിപക്ഷ ‘ഇന്ത്യ’മുന്നണി യോഗത്തില്‍ നിര്‍ദേശം. ഇന്നലെ നടന്ന മുന്നണി യോഗത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമാണ് ഈ ആവശ്യം ഉന്നയിച്ചത്. രാജ്യത്തെ പ്രമുഖനായ ദളിത് നേതാവാണു ഖാര്‍ഗെയെന്നും അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ഥിത്വം മുന്നണിക്ക് ഗുണം ചെയ്യുമെന്നും മമത ബാനര്‍ജി യോഗത്തില്‍ പറഞ്ഞു.
എന്നാല്‍, ആദ്യം തെരഞ്ഞെടുപ്പില്‍ വിജയിക്കട്ടെയെന്നും പ്രധാനമന്ത്രിയെക്കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്നുമായിരുന്നു യോഗശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ഖാര്‍ഗെ പറഞ്ഞത്. താഴേക്കിടയിലുള്ള വ്യക്തികള്‍ക്കായി പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം അറിയിച്ചു. എംപിമാരുടെ സസ്പെൻഷനെതിരേ വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മല്ലികാര്‍ജുൻ ഖാര്‍ഗെ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇത്രയും എംപിമാരെ സസ്പെൻഡ് ചെയ്യുന്നത് രാജ്യത്ത് ആദ്യമായാണ്.
യുപിയിലും തെലുങ്കാനയിലും സീറ്റ് വിഭജനത്തില്‍ ധാരണയായി. സീറ്റ് വിഭജനത്തില്‍ സഖ്യം വൈകാതെ തീരുമാനമെടുക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. പാര്‍ലമെന്‍റില്‍നിന്ന് 141 എംപിമാരെ സസ്പെൻഡ് ചെയ്തതില്‍ യോഗം പ്രമേയം പാസാക്കി. സീറ്റ് വിഭജന കാര്യത്തില്‍ സംസ്ഥാനതലത്തില്‍ ചര്‍ച്ചകള്‍ നടത്താൻ യോഗത്തില്‍ ധാരണയായി. ഈ മാസം അവസാനത്തോടെ ബംഗാളിലെ സീറ്റുവിഭജനം പൂര്‍ത്തിയാക്കണമെന്ന് മമത ബാനര്‍ജി നിര്‍ദേശിച്ചു. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന 300 സീറ്റുകളിലെങ്കിലും കോണ്‍ഗ്രസ് മത്സരിക്കണമെന്നും മമത ആവശ്യപ്പെട്ടു.
28 പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ജെഎംഎം നേതാവ് ഹേമന്ദ് സോറൻ പങ്കെടുത്തില്ല. പ്രമുഖ നേതാക്കള്‍ വിട്ടുനിന്നതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ആറിന് നടത്താൻ നിശ്ചയിച്ചിരുന്ന യോഗം ഇന്നലത്തേക്കു മാറ്റിയത്. മുതിര്‍ന്ന നേതാക്കളായ ശരദ് പവാര്‍ (എൻസിപി), മമത ബാനര്‍ജി (ടിഎംസി), ലാലുപ്രസാദ് യാദവ് (ആര്‍ജെഡി), നിതീഷ് കുമാര്‍ (ജെഡിയു), സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുൻ ഖാര്‍ഗെ (കോണ്‍ഗ്രസ്), അരവിന്ദ് കേജരിവാള്‍ (ആംആദ്മി), എം.കെ. സ്റ്റാലിൻ (ഡിഎംകെ), അഖിലേഷ് യാദവ് (എസ്പി) തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. അതേസമയം, ഇന്ത്യ സഖ്യത്തിന്‍റെ തെരഞ്ഞെടുപ്പു പ്രചാരണം ജനുവരി 30ന് ആരംഭിക്കാനാണു തീരുമാനമെന്ന് സൂചനയുണ്ട്