തിരുവനന്തപുരം: നവ കേരള സദസിൻ്റെ വാഹനം തടയാൻ വെല്ലുവിളിച്ച് ഫേസ്ബുക്ക് കമൻ്റിട്ട മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ഉദ്യോഗസ്ഥൻ ഗോപീകൃഷ്ണനെതിരെ പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. കൊല്ലം കുമ്മിള്‍ ഗ്രാമപഞ്ചായത്ത് അംഗം കുമ്മിള്‍ ഷമീറിന്റേതാണ് പരാതി. നാട്ടിലെ പൊതുസമാധാനം തകര്‍ക്കാനും കലാപമുണ്ടാക്കാനും ലക്ഷ്യംവെച്ചാണ് കമൻ്റ് എന്ന് ആരോപണം. ഡിജിപിക്ക് പുറമെ നിയമസഭാ സമിതി, പൊലീസ് കംപ്ലൈൻ്റ് അതോറിറ്റി എന്നിവര്‍ക്കും പരാതി നല്കി.
ഐപിസി 504, 153 , 153 A എന്നീ വകുപ്പുകള്‍ ചുമത്തണം എന്നാണ് പരാതിയിലെ ആവശ്യം. വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്. കൊല്ലം കടയ്ക്കലില്‍ നവകേരള സദസ്സിന്റെ വാഹനം തടയാൻ വെല്ലുവിളിച്ചായിരുന്നു മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് സംഘത്തിലെ പൊലീസുകാരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചത്.
പരാതി കൊടുത്ത കുമ്മിള്‍ ഷമീര്‍ എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ കമന്റ് ആയിട്ടായിരുന്നു ഇയാളുടെ വെല്ലുവിളി. വിവാദമായതിന് പിന്നാലെ ഇയാള്‍ കമന്റ് ഡിലീറ്റ് ചെയ്തു. കടയ്ക്കല്‍ സ്വദേശിയാണ് ഗോപീകൃഷ്ണൻ എം എസ്.