കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കാമ്ബസില്‍ എസ്‌എഫ്‌ഐ വീണ്ടും ബാനര്‍ കെട്ടി

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കാമ്ബസില്‍ എസ്‌എഫ്‌ഐ വീണ്ടും ബാനര്‍ കെട്ടി
alternatetext

തേഞ്ഞിപ്പലം: ഗവര്‍ണര്‍ നേരിട്ട് അഴിപ്പിച്ചതിന് പിന്നാലെ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കാമ്ബസില്‍ വീണ്ടും ബാനര്‍ കെട്ടി എസ്‌എഫ്‌ഐ. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വീണ്ടും ബാനറുകള്‍ ഉയര്‍ത്തി. പോലീസ് സ്ഥാപിച്ച ബാരിക്കോഡുകള്‍ക്ക് മുകളിലാണ് വീണ്ടും ബാനര്‍ ഉയര്‍ത്തിയത്.

എസ്.എഫ്.ഐ.യും ഗവര്‍ണറും ഇഞ്ചോടിടിഞ്ച് പോരാട്ടത്തിലായതോടെ സുരക്ഷയൊരുക്കുകയെന്നത് പോലീസിനും കനത്ത വെല്ലുവിളിയായി മാറികഴിഞ്ഞു. ഗവര്‍ണറുടെ കോലം കത്തിച്ച്‌ എസ്‌എഫ്‌ഐ. ഗവര്‍ണറുടെ ചിത്രമുള്ള പോസ്റ്ററും കത്തിച്ചു. ബാനര്‍ അഴിച്ചാല്‍ വിവരമറിയുമെന്ന് പൊലീസിന് എസ്‌എഫ്‌ഐ മുന്നറിയിപ്പുമുണ്ട്.

ഗവര്‍ണര്‍ക്കെതിരെ ഇന്ന് രാത്രി കൂടുതല്‍ ബാനറുകള്‍ ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ രാത്രി ഏഴുമണിയോടെ ഗസ്റ്റ്ഹൗസ് മുറിയില്‍നിന്ന് പുറത്തിറങ്ങിയ ഗവര്‍ണര്‍, എസ്.പി.യെ വിളിച്ചുവരുത്തി ബാനര്‍ നീക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. എസ്.എഫ്.ഐ.യുടെ പ്രവര്‍ത്തനം ലജ്ജാവഹമെന്ന് വിശേഷിപ്പിച്ച ഗവര്‍ണര്‍, കാമ്ബസ് എസ്.എഫ്.ഐ.യുടെ കുത്തകയല്ലെന്നും ഓര്‍മിപ്പിച്ചു. കടുത്ത വാക്കുകള്‍ ഉപയോഗിച്ചാണ് ഗവര്‍ണര്‍ എസ്.എഫ്.ഐ.യ്ക്കും പോലീസിനുമെതിരേ തിരിഞ്ഞത്. തുടര്‍ന്ന് പോലീസ് തന്നെ ബാനറുകള്‍ നീക്കം ചെയ്തു.