ചെങ്ങന്നൂർ വിശാൽ കൊലക്കേസ് : വിചാരണ ചൊവ്വാഴ്ച ആരംഭിക്കും

ചെങ്ങന്നൂർ വിശാൽ കൊലക്കേസ് : വിചാരണ ചൊവ്വാഴ്ച ആരംഭിക്കും
alternatetext

എബിവിപി പ്രവർത്തകനായിരുന്ന ചെങ്ങന്നൂർ കോട്ട സ്വദേശി വിശാലിനെ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് സമീപം വെച്ച് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സാക്ഷി വിസ്താരം ചൊവ്വാഴ്ച മുതൽ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. എസ്. സീന മുമ്പാകെ നടക്കും. സംഭവത്തിൽ വിശാലിനോടൊപ്പം പരുക്കേറ്റ വിഷ്ണു പ്രസാദ്, ശ്രീജിത്ത് എന്നിവരെയാണ് ആദ്യം വിസ്തരിക്കുന്നത്.

2012 ജൂലൈ പതിനാറാം തീയതി കോളേജിലെ നവാഗതർക്ക് സ്വാഗതം ആശംസിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ വിശാൽ ഉൾപ്പെടെയുള്ളവരെ മുൻകൂട്ടി തീരുമാനിച്ച പദ്ധതി പ്രകാരം ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരും പന്തളം സ്വദേശികളുമായ നാസിം, ഷെഫീഖ്, അൻസാർ ഫൈസൽ, ഷെഫീക്ക്, ആസിഫ് മുഹമ്മദ്, സനൂജ്, ചെറിയനാട് സ്വദേശികളായ ആഷിക്ക്, നാസിം, അൽ താജ്, സഫീർ, അഫ്സൽ വെൺമണി സ്വദേശി ആയ ഷമീർ റാവുത്തർ തുടങ്ങിയവർ സംഘം ചേർന്ന് ആക്രമിക്കുക യായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവത്തിൽ വിശാലിൻ്റെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേരെ അതീവ ഗുരുതരമായി പ്രതികൾ മുറിവേൽപ്പിക്കുകയും മറ്റുള്ളവരെ ശരീരികമായി ഉപദ്രവിക്കുകയും ചെയ്തു എന്നും കുറ്റപത്രത്തിൽ ആരോപണമുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വിദ്യാർത്ഥികൾക്ക് നേരെ നടത്തിയ ആക്രമണം എന്ന നിലയിൽ വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു വിശാലിൻ്റെ കൊലപാതകം.

സംഭവത്തിൽ ഗുരുതരമായി പരിക്കുപറ്റിയ വിശാൽ അന്നു രാത്രിയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടിരുന്നു. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് തുടർന്ന് ക്രൈം ബ്രാഞ്ച് ആണ് അന്വേഷിച്ചിരുന്നത്.

കേസിൽ സംഭവകാലത്ത് പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പെടെ വിവിധ ജില്ലക്കാരായ 20 പ്രതികൾക്ക് എതിരെയാണ് കുറ്റപത്രം ഫയൽ ചെയ്തിരുന്നത്.
കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്