കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തിയേക്കും. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ഇന്നലെ രാത്രി വരെ ചോദ്യം ചെയ്തു. മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടായാല്‍ ഇന്ന് വീണ്ടും ചോദ്യം ചെയ്യല്‍ ഉണ്ടാകും. ശേഷമായിരിക്കും തെളിവെടുപ്പ് ഉണ്ടാകുക. പ്രതികള്‍ കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതി ഇട്ടതിന്റെ തെളിവ് പൊലീസിന് ലഭിച്ചു.
പണത്തിനു വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്നാണ് ഇവര്‍ മൊഴിയില്‍ പറഞ്ഞത്. മറ്റാരുടെയെങ്കിലും സഹായം ഉണ്ടോ എന്നുള്ളതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും രാത്രി താമസിപ്പിച്ച സ്ഥലത്തും ഉപേക്ഷിച്ച ആശ്രമം മൈതാനത്തുമാകും ഇന്ന് തെളിവെടുപ്പ് നടത്തുക. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
അതേസമയം, കേസില്‍ ആദ്യ മൊഴിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് പ്രതികള്‍. കുട്ടിയെ തട്ടിക്കൊണ്ടു പോയത് പണത്തിനു വേണ്ടിയെന്നാണ് പ്രതികള്‍ അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു പറയുന്നത്. പിടിയിലായ ദിവസം പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും അന്വേഷണ സംഘത്തോട് പ്രതികള്‍ ആവര്‍ത്തിക്കുന്നത്