കൊച്ചി: ദേശീയപാത വികസനത്തിന് വേണ്ടി നടക്കുന്ന നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പ് ഹൈകോടതി സ്റ്റേ ചെയ്തു. 2024 ജനുവരി നാല് വരെയാണ് സ്റ്റേ. പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. വ്യവസായ വകുപ്പ് സെക്രട്ടറിയോട് അടിയന്തരമായി ഒരു കമ്മിറ്റി രൂപീകരിച്ച് മലയില്‍ പരിശോധന നടത്താൻ കോടതി നിര്‍ദേശിച്ചു.
കേന്ദ്ര മാര്‍ഗരേഖ പാലിച്ചല്ല മണ്ണെടുപ്പെന്ന ജില്ല കലക്ടറുടെ റിപ്പോര്‍ട്ട് ഹരജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതും പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാൻ വകുപ്പ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. മണ്ണെടുപ്പിന് സുരക്ഷ നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവും ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. നൂറനാട്ടെ മണ്ണെടുപ്പ് വൻ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയതാണ്.
ഇതിനെതിരെ നാട്ടുകാര്‍ റോഡ് ഉപരോധമുള്‍പ്പെടെയുള്ള സമരവുമായ രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ രാപ്പകല്‍ സമരം തുടരുന്നതിനിടെ ആണ് അനുകൂല വിധിയുണ്ടാകുന്നത്. ആലപ്പുഴ ജില്ലയില്‍ ഒരു പ്രധാനപ്പെട്ട മലനിരയാണ് മറ്റപ്പള്ളിമല. ഈ കുന്നുകളുടെ അടിവാരത്താണ് കരിങ്ങാലിപുഞ്ച ഉൾപ്പെടെയുള്ള ജലലഭ്യത ഉറപ്പ് വരുത്തുന്ന തണ്ണീര്‍ത്തടങ്ങള്‍. കുന്നുകള്‍ ഇല്ലാതാവുന്നതോടെ ഈ തണ്ണീര്‍ത്തടങ്ങള്‍ വറ്റും. പിന്നെ കുടിവെള്ളത്തിന് നാട്ടുകാര്‍ നെട്ടോട്ടമോടണം എന്നതാവും അവസ്ഥ വന്നു ചേരും
ഇവിടെ നിന്ന് എട്ട് കിലോമീറ്ററിനപ്പുറം ജനവാസമില്ലാത്ത മേഖലകളുണ്ട്. മണ്ണെടുപ്പ് തുടര്‍ന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ദേശീയ പാത നിര്‍മാണം പൂര്‍ത്തിയാകുമ്ബോള്‍ ആലപ്പുഴ ജില്ലയിലെ രണ്ട് മലനിരകളും ഇല്ലാതാവും. ഒന്ന് പാലമേല്‍ പഞ്ചായത്തിലും മറ്റൊന്ന് മുളക്കുഴ പഞ്ചായത്തിലും. മുളക്കുഴയിലെ കുന്നുകളില്‍ നിന്ന് ഇതിനകം പകുതിയിലേറെ മണ്ണെടുത്തുകഴിഞ്ഞിട്ടുണ്ട്.