ന്യൂഡല്‍ഹി: 77-മത് സ്വാതന്ത്ര്യദിന ആഘോഷ നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30 ഓടെ ചെങ്കോട്ടയില്‍ ദേശീയ പകാത ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. ചടങ്ങില്‍ സെൻട്രല്‍ വിസ്ത നിര്‍മാണ തൊഴിലാളികളടക്കം 1,800 പേര് പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും.
കഴിഞ്ഞ 9 വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിവരിക്കുന്നതിനൊപ്പം പുതിയ പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി രാജ്യ തലസ്ഥാനത്ത് വിന്ന്യസിച്ചിരിക്കുന്നത്. ചെങ്കോട്ടയില്‍ എഴുനൂറോളം സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ആന്റി ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് സുരക്ഷ.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒൻപത് മണിയോടെ തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയര്‍ത്തും. തുര്‍ന്ന് വിവിധ സേന വിഭാഗങ്ങളുടെ പരേഡില്‍ അഭിവാദ്യം സ്വീകരിക്കും.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനില്‍ രാവിലെ 9.30ന് ദേശീയ പതാക ഉയര്‍ത്തും. നിയമസഭയില്‍ സ്പീക്കര്‍ എഎൻ ഷംസീര്‍ ദേശീയപകാത ഉയര്‍ത്തും. വിവിധ പാര്‍ട്ടി ആസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും പതാക ഉയര്‍ത്തും.