വിദ്യാർഥികള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ലഭിക്കുന്ന മാർക്ക് ഇനി അറിയാനാകും. എന്നാല്‍ പരീക്ഷാ ഫലത്തിനൊപ്പം മാർക്ക് ലഭിക്കില്ല. മറിച്ച് പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിനുശേഷം വിദ്യാർഥികള്‍ ആവശ്യപ്പെടുന്ന പക്ഷം മാർക്ക് വിവരം വെളിപ്പെടുത്താനാണ് അനുമതി. ഇതുസംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ച് മാസങ്ങള്‍ക്കുള്ളില്‍ മാർക്ക് ആവശ്യപ്പെട്ടുകൊണ്ട് നിരവധി അപേക്ഷകള്‍ വരുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. എസ്.എസ്.എല്‍.സിക്കു ശേഷം സംസ്ഥാനത്തിനു പുറത്തും വിദേശ രാജ്യങ്ങളിലും തുടർപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികള്‍, വിവിധ സ്കോളർഷിപ്പുകള്‍ക്കും അഗ്നിവീർ പോലെ തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കും മാർക്ക് നല്‍േകണ്ടതുണ്ട്. ഇതിനായി മാർക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാർഥികളാണ് വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കുന്നത്. ഈ സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ലഭിച്ച മാർക്ക് പരീക്ഷാർഥികള്‍ക്ക് നേരിട്ട് നല്‍കുന്നതിന് നിലവിലുള്ള നിബന്ധനയില്‍ ഇളവ് വരുത്തുകയായിരുന്നു.
പരീക്ഷാ ഫലം പ്രഖ്യാപിച്ച് മൂന്ന് മാസങ്ങള്‍ക്കുശേഷം സെക്രട്ടറിയുടെ പേരില്‍ 500 രൂപയുടെ ഡി.ഡി സഹിതം പരീക്ഷാ ഭവനില്‍ നേരിട്ട് അപേക്ഷ സമർപ്പിയ്ക്കുന്നവർക്ക് മാർക്ക് നല്‍കുന്നതിനുള്ള അനുമതിയാണ് പരീക്ഷാ കമ്മിഷണർക്ക് നല്‍കിയത്.