24 വര്‍ഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയായ വനിത അറസ്‌റ്റില്‍

24 വര്‍ഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയായ വനിത അറസ്‌റ്റില്‍
alternatetext

24 വര്‍ഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയായ വനിത അറസ്‌റ്റില്‍. ചെങ്ങന്നൂര്‍, ചെറിയനാട്‌ കടയിക്കാട്‌ കവലക്കല്‍ വടക്കതില്‍ സലീമിന്റെ ഭാര്യ സലീനയെ(50)യെയാണ്‌ വെണ്‍മണി പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇവരും ഭര്‍ത്താവും ചേര്‍ന്ന്‌ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ മര്‍ദിച്ചതിന്‌ 1999 ല്‍ വെണ്‍മണി പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ്‌ 24 വര്‍ഷത്തിന്‌ ശേഷം ഇവര്‍ പിടിയിലായത്‌.

കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു. തിരുവനന്തപുരം, വെഞ്ഞാറമ്മൂട്ടില്‍ ഭര്‍ത്താവുമൊത്ത്‌ ഒളിവില്‍ കഴിയുകയായിരുന്നു. പിന്നീട്‌ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ സലീന എന്ന പേര്‌ ഗസറ്റ്‌ വിജ്‌ഞാപനം വഴി മാറ്റി രാധികാകൃഷ്‌ണന്‍ എന്നാക്കി തിരുവനന്തപുരം, പോത്തന്‍കോട്‌, ബംഗളുരു എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു.

ആദ്യ ഭര്‍ത്താവില്‍ ഇവര്‍ക്ക്‌ നാലു മക്കളുണ്ട്‌. ഒളിവില്‍ താമസിക്കുമ്ബോള്‍ പുതിയ ഭര്‍ത്താവുമായി ഇവര്‍ ലിവിങ്‌ ടുഗതര്‍ ആയിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു. നാലു മക്കളുടെ പേരും ഇവര്‍ മാറ്റിയിരുന്നു. നിരവധി തവണ കോടതിയില്‍ ഹാജരാകുന്നതിന്‌ ഇവര്‍ക്ക്‌ വാറണ്ട്‌ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി തിരുവനന്തപുരം ശ്രീകാര്യത്തെ സ്‌കൂളില്‍ അധ്യാപികയാണ്‌.

ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദേശാനുസരണം ചെങ്ങന്നൂര്‍ ഡി.വൈ.എസ്‌.പി: രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡാണ്‌ ചെങ്ങന്നൂരില്‍ ട്രെയിന്‍ ഇറങ്ങി കൊല്ലകടവിലേക്ക്‌ പോവുകയായിരുന്ന ഇവരെ പിടികൂടിയത്‌. ഓട്ടോറിക്ഷയില്‍ ഇവരുടെ മകനും ഒപ്പമുണ്ടായിരുന്നു. ഒന്നര മാസം മുമ്ബ്‌ മരിച്ച സഹോദരന്റെ മരണാനന്തര ചടങ്ങുകള്‍ക്കാണ്‌ ഇവര്‍ വന്നത്‌. ഇവരെ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റിന്‌ മുമ്ബാകെ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

വെണ്‍മണി എസ്‌.എച്ച്‌.ഒ: എ.നസീര്‍, സി.പി.ഒമാരായ ശ്രീദേവി, റഹീം, അഭിലാഷ്‌, ജയരാജ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. 24 വര്‍ഷമായി വിസ്‌താരം മുടങ്ങിക്കിടന്ന കേസില്‍ ഇനി നടപടികള്‍ പുനരാരംഭിക്കും.