ന്യൂഡല്‍ഹി: നവംബര്‍ 13ന് ഹരിയാനയിലെയും ഉത്തര്‍ പ്രദേശിലെയും 10 റെയില്‍വേ സ്റ്റേഷനുകള്‍ ബോംബു വച്ച് തകര്‍ക്കുമെന്ന് ലഷ്കറെ ത്വയ്ബയുടെ ഭീഷണി. ജമ്മു-കാശ്മീരില്‍ ലഷ്കര്‍ ഭീകരരെ സൈന്യം വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിക്കത്തില്‍ പറയുന്നു. നവംബര്‍ 15ന് ഹരിയാനയിലെ ജഗാദാരി വൈദ്യുതി നിലയം, റെയില്‍വേ കോച്ച് ഫാക്ടറി, ബസ് സ്റ്റാൻഡ്, ക്ഷേത്രങ്ങള്‍ എന്നിവ തകര്‍ക്കുമെന്നും ഭീഷണിയുണ്ട്.
ലഷ്കറെ ത്വയ്ബ ഏരിയ കമാൻഡര്‍ എന്നവകാശപ്പെടുന്ന കരീം അൻസാരിയുടെ പേരില്‍ ഹരിയാനയിലെ യമുനാ നഗര്‍ ജഗാദാരി റെയില്‍വേ സ്റ്റേഷനില്‍ 26നാണ് കത്ത് ലഭിച്ചത്. അംബാല കാന്റ്, പാനിപ്പത്ത്, കര്‍ണാല്‍, സോനിപ്പത്ത്, ചണ്ഡിഗര്‍, ഭിവാനി, മീററ്റ്, ഗാസിയാബാദ്, കല്‍ക്ക, സഹാറാൻപൂര്‍ എന്നീ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ തകര്‍ക്കുമെന്നാണ് കത്തിലുള്ളത്. ഭീഷണിക്കത്ത് നോര്‍ത്തേണ്‍ റെയില്‍വേ ആര്.പി.എഫ് ചീഫ് സെക്യൂരിറ്റി കമ്മിഷണര്‍ക്ക് കൈമാറി.
റെയില്‍വേ സ്റ്റേഷനുകള്‍ക്കും ട്രെയിനുകള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഹരിയാനയിലെ സ്റ്റേഷനുകള്‍ തകര്‍ക്കുമെന്ന ഭീഷണി മുമ്ബും ഉണ്ടായിട്ടുണ്ടെങ്കിലും ഭീഷണി തള്ളുന്നില്ലെന്ന് റെയില്‍വേ അറിയിച്ചു. പൊലീസ് അന്വേഷണം തുടങ്ങി. ലഷ്കറെയുടെ പേരില്‍ മറ്റാരെങ്കിലും അയച്ച കത്താണോയെന്നും അന്വേഷിക്കുന്നുണ്ട്. കത്തിന്റെ ഉത്തരവാദിത്വം ലഷ്കറെ ത്വയ്ബ ഏറ്റെടുത്തിട്ടില്ല